എകെജി സെന്റര്‍ ആക്രമണത്തിന് പിന്നാലെ സീതാറാം യച്ചൂരിക്ക് വധഭീഷണിയും; ജെഎന്‍യു വിദ്യാര്‍ഥി സമരത്തെ പിന്തുണച്ചത് പ്രകോപനകാരണം

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലുള്ള സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസായ എകെജി സെന്റര്‍ ആക്രമിച്ചതിന് പിന്നാലെ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് വധഭീഷണിയുമെത്തി. ജെഎന്‍യുവിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് അനുകൂലമായെടുത്ത നിലപാടിനെ തുടര്‍ന്ന് ഇന്നലെ രാത്രി 10.30 മുതല്‍ പുലര്‍ച്ചെ ഒരു മണിവരെയുള്ള സമയത്താണ് ആം ആദ്മി സേനയുടെ പേരില്‍ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതെന്ന് ഓഫിസിലെ റിസപ്ഷനിസ്റ്റ് ദീപക് കുമാര്‍ പറഞ്ഞു. യച്ചൂരി ചെയ്യുന്നത് തെറ്റാണ്. അദ്ദേഹത്തിന് രാജ്യം വിട്ടുപോകേണ്ടതായി വരുമെന്നും സന്ദേശകന്‍ പറഞ്ഞതായാണ് വിവരം. ഫോണില്‍ വിളിച്ചയാള്‍ താന്‍ ആം ആദ്മി ബാല്‍വീര്‍ സേനയിലെ അംഗമാണെന്ന് പറഞ്ഞുവെന്നും ദീപക് പറഞ്ഞു. ഇതുസംബന്ധിച്ച് സിപിഎം മന്ദിര്‍മാര്‍ഗിലെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അന്വേഷണം ആരംഭിച്ചു. ഭീഷണി സന്ദേശത്തെ തുടര്‍ന്ന് എകെജി ഭവന് മുന്നില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. ബാരിക്കേഡുകള്‍ അടക്കമുള്ള സുരക്ഷാ സന്നാഹങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സിപിഎം കേന്ദ്ര കമ്മിറ്റി ഓഫിസായ എകെജി ഭവനു നേരെ നാലംഗ സംഘമാണ് കഴിഞ്ഞദിവസം ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസമാണ് ആം ആദ്മി സേന എന്നെഴുതിയ തൊപ്പി ധരിച്ച സംഘം ആക്രമണം നടത്തിയത്. ഓഫിസിനു നേരെ കല്ലെറിയുകയും പ്രധാന ബോര്‍ഡില്‍ കറുത്ത സ്‌പ്രേ ഉപയോഗിച്ച് ‘പാക്കിസ്ഥാന്‍ കി ഭാരത് ഓഫിസ്’ എന്നെഴുതുകയും ചെയ്തിരുന്നു. യച്ചൂരി അകത്തുണ്ടായിരുന്ന സമയത്തായിരുന്നു അന്ന് ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നില്‍ സംഘ്പരിവാര്‍ ബന്ധം വ്യക്തമാണെന്ന് സിപിഎം വൃത്തങ്ങള്‍ പറയുന്നു.

© 2024 Live Kerala News. All Rights Reserved.