ജെഎന്‍യു ക്യാമ്പസില്‍ മുന്‍മന്ത്രിയെ എബിവിപി പ്രവര്‍ത്തകര്‍ ആക്രമിച്ചു; ചെവിയില്‍ നിന്ന് രക്തമൊഴുകി; വിദ്യാര്‍ഥികളുടെ സമരത്തില്‍ പങ്കുചേരാനെത്തിയപ്പോഴാണ് ആക്രമണം

ന്യൂഡല്‍ഹി: രാജ്യവിരുദ്ധ മുദ്രാവാക്യം ആരപോപിച്ച് യൂണിയന്‍ പ്രസിഡന്റായ കനയ്യ കുമാറിനെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളുടെ സമരത്തില്‍ പങ്കെടുക്കാനെത്തിയ മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആനന്ദ് ശര്‍മ്മയെയാണ് ക്യാമ്പസില്‍ വച്ച് എബിവിപിക്കാര്‍ ആക്രമിച്ചത്. പൊലീസ് നടപടിയില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പ്രതിഷേധത്തിന് ചേരാനെത്തിയതായിരുന്നു അദ്ദേഹം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ അദ്ദേഹത്തിന്റെ ചെവിയില്‍ നിന്ന് രക്തം വന്നു. എബിവിപി പ്രവര്‍ത്തകനാണ് ആക്രമണത്തിന് പിന്നിലെന്ന് ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ ആരോപിച്ചു. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമടക്കം രണ്ടായിരത്തോളം പേരാണ് പ്രതിഷേധം തുടരുന്നത്. തങ്ങളുടെ പ്രവര്‍ത്തകരാരും രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്നാണ് യൂണിയന്‍ പറയുന്നത്. പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷക്ക് വിധേയനായ അഫ്‌സല്‍ ഗുരുവിന്റെ അനുസ്മരണം നടത്തിയതിനാണ് ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹം ചുമത്തിയതും അറസ്റ്റ് ചെയ്തതും. ഇതിനെതിരെ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാക്കളായ അജയ് മാക്കന്‍, ആനന്ത് ശര്‍മ, സിപിഐ നേതാവ് ഡി രാജ, ജെഡിയു നേതാവ് കെസി ത്യാഗി തുടങ്ങിയവര്‍ ക്യാമ്പസിലെത്തി വിദ്യാര്‍ഥികളെ സന്ദര്‍ശിച്ചിരുന്നു. കന്‍ഹയ്യ കുമാറിനെതിരെ ചുമത്തിയ രാജ്യദ്രോഹ കുറ്റത്തിന്റെ ആധികാരികത പരിശോധിക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സന്ദര്‍ശിച്ച് ഇവര്‍ ആവശ്യപ്പെട്ടു. സമരം ശക്തമായിത്തുടരുകയാണ്.

© 2024 Live Kerala News. All Rights Reserved.