ബ്രിട്ടനിലുണ്ടായ അപകടത്തിൽ 21 ഇന്ത്യൻ സൈനികർക്ക് പരുക്ക്

ന്യൂഡല്‍ഹി ∙ ബ്രിട്ടനിലുണ്ടായ വാഹനാപകടത്തില്‍ 21 ഇന്ത്യൻ സൈനികർക്ക് പരുക്കേറ്റു. സംയുക്ത സൈനികാഭ്യാസത്തിനു പോയവർക്കാണ് പരുക്കേറ്റത്. ജൂൺ 13 മുതൽ രണ്ടാഴ്ച്ചത്തെ സൈനികാഭ്യാസത്തിനായാണ് ഇന്ത്യൻ സൈന്യം ബ്രിട്ടനിൽ എത്തിയത്. രണ്ട് ബ്രിട്ടൻ സൈനികർക്കും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. പരിശീലനം നടത്തിയിരുന്ന ക്യാംപിനു സമീപമായിരുന്നു അപകടം.

പരുക്കേറ്റവരെ ഉടൻ തന്നെ ഹെലികോപ്റ്റർ മാർഗം ആശുപത്രിയിൽ എത്തിച്ചു. ഒരു ക്യാപ്റ്റനും ഒരു ഹവീൽദാർക്കും അപകടത്തിൽ സാരമായ പരുക്കുണ്ടെന്നാണ് റിപ്പോർട്ട്. മറ്റ് അഞ്ചു പേർക്കും ഗുരുതര പരുക്കുണ്ട്. 120 ഇന്ത്യൻ സൈനികരാണ് സംയുക്ത സൈനികാഭ്യാസത്തിനായി ബ്രിട്ടനിൽ എത്തിയത്. പരസ്പരമുള്ള സഹകരണം വർധിപ്പിക്കുന്നതിനും ഭീകരവാദത്തിനെതിരെ കൈ കോർക്കുന്നതിനുമായിരുന്നു സൈന്യത്തിന്റെ സന്ദർശനം.