തലശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തലശേരി സെഷന്‍സ് കോടതിയിലാണ് അപേക്ഷ സമര്‍പ്പിച്ചത്. ഹര്‍ജി കോടതി നാളെ പരിഗണിക്കും. കേസില്‍ പ്രതിയായ വിക്രമന്‍ തന്റെ ഡ്രൈവറല്ല. വിക്രമന് ഡ്രൈവിങ് ലൈസന്‍സ് ഇല്ലായിരുന്നെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു.
പ്രതിയായ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചേക്കുമെന്ന നേരിയ പ്രതീക്ഷ നിലനില്‍ക്കുന്നു. പി ജയരാജന്‍ എകെജി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതാകും മുഖ്യമായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുക. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളുള്‍പ്പെടെയുള്ള വാദങ്ങളെ സിബിഐ എതിര്‍ക്കും. യുഎപിഎ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം അനുവദിക്കുന്നതിന്റെ നിയമപരമായ പരിമിതികളും സിബിഐ ചൂണ്ടിക്കാട്ടും. ജാമ്യാപേക്ഷ തള്ളിയാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് സിപിഐഎം തീരുമാനം. എന്നാല്‍ പി ജയരാജന്‍ നിയമനടപടികളിലേക്ക് പോകുന്നതിനു മുമ്പേ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാന്‍ സിബിഐക്ക് സാധിക്കും. പക്ഷെ, അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജന്റെ അറസ്റ്റ് കലാപത്തിലേക്ക് നീങ്ങിയ സമീപകാല ചരിത്രം മുന്നിലുള്ളതിനാല്‍ കരുതലോടെയാകും സിബിഐ നീക്കം.