പത്താന്‍കോട്ട് :പത്താന്‍കോട്ടില്‍ നിന്നും കഴിഞ്ഞദിവസം വാടകയ്ക്ക് ഓട്ടംപോയ ടാക്‌സിയുടെ ഡ്രൈവര്‍ മരിച്ച നിലയില്‍. ഹിമാചല്‍പ്രദേശില്‍ നിന്നാണ് ഡ്രൈവര്‍ വിജയ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ കാര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസമാണ് പത്താന്‍കോട്ടില്‍ നിന്ന് വെള്ള ആള്‍ട്ടോ കാര്‍ മൂന്ന് പേര്‍ വാടകയ്ക്ക് എടുത്തത്. ഒജ01ഉ2440 എന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള കാറാണ് കാണാതായതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇതുമായി ഭീകരര്‍ കടന്നുകളഞ്ഞിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്. കഴിഞ്ഞ ബുധനാഴ്ച ഡെല്‍ഹിയില്‍ വച്ച് ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആനന്ദ് സ്വരൂപിന്റെ നീല ബീക്കണ്‍ ഘടിപ്പിച്ച കാര്‍ കാണാതായിരുന്നു. തുടര്‍ന്ന് അതീവ സുരക്ഷയാണ് ഡെല്‍ഹിയിലും പരിസരത്തും സുരക്ഷാസേന ഒരുക്കിയിരിക്കുന്നത്. കാറിന് വേണ്ടിയുള്ള തെരച്ചില്‍ അയല്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിരുന്നു. പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രം ആക്രമിക്കുന്നതിന്റെ തലേ ദിവസം ഗുര്‍ദാസ്പൂര്‍ എസ്.പിയുടെ നീല ബീക്കണ്‍ ഘടിപ്പിച്ച കാര്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയിരുന്നു. ആ കാര്‍ ഉപയോഗിച്ചാണ് സുരക്ഷാ പരിശോധന കൂടാതെ തീവ്രവാദികള്‍ വ്യോമസേനാകേന്ദ്രത്തില്‍ എത്തിയത്. പാക് അതിര്‍ത്തിയില്‍ വരുന്ന പ്രദേശത്ത് വ്യാപകമായി ഭീകരര്‍ നുഴഞ്ഞുകയറിയിരിക്കാമെന്ന് എന്‍ഐഎ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.