ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമതാവളത്തിലുണ്ടായ ഭീകരാക്രമണം അന്വേഷിക്കാനെത്തിയ പാക്ക് സംയുക്ത അന്വേഷണ സംഘത്തിന് ഇതുസംബന്ധിച്ചുള്ള തെളിവുകള്‍ ഇന്ത്യ നല്‍കിയില്ലെന്നും സുരക്ഷാസേനയിലെ അംഗങ്ങളെ ചോദ്യം ചെയ്യാന്‍ ഇന്ത്യ അനുവദിച്ചില്ലെന്നും പാക് വിദേശകാര്യ മന്ത്രാലയം. ഇന്ത്യന്‍ സൈന്യത്തിലുള്ള സാക്ഷികളുടെ മൊഴി രേഖപ്പെടുത്താന്‍ എത്തിച്ചിരുന്നില്ല. പാകിസ്ഥാനിലെ അന്വേഷണങ്ങള്‍ എന്‍ഐഎയ്ക്ക് മുന്നില്‍ വിവരിച്ചു. മറ്റ് അന്വേഷണം തുടരുകയാണെന്നും പാക് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പത്താന്‍കോട്ട് ഭീകരാക്രമണം ഇന്ത്യതന്നെ ആസൂത്രണം ചെയ്തതാണെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയിലെത്തി അന്വേഷണം നടത്തിയ സംയുക്ത സംഘത്തെ ഉദ്ധരിച്ചാണ് മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്. പാക്കിസ്ഥാന്റെ സംയുക്ത അന്വേഷണ സംഘത്തിന് (ജെഐടി) പത്താന്‍കോട്ട് സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയ ഇന്ത്യ തെളിവുകള്‍ കൈമാറിയിരുന്നു. ഇത് പോരെന്ന നിലപാടിലായിരുന്നു പാകിസ്ഥാന്‍.