ന്യൂഡല്‍ഹി: ഉഭയകക്ഷി ചര്‍ച്ചകളില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറുന്ന പാകിസ്ഥാന്റെ നിലപാടിനെതിരെ ഇന്ത്യ. പിന്മാറ്റം മുന്‍കരാറുകളുടെ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പാക്കിസ്ഥാനില്‍ നിന്നു വന്ന അന്വേഷണ സംഘത്തെ സുരക്ഷാ സേനകളിലെയും സൈന്യത്തിലെയും സാക്ഷികളെ കാണാന്‍ അനുവദിച്ചില്ലെന്ന ആരോപണം ശരിയല്ലെന്ന നിലപാടിലുറച്ച് ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ്. ഇന്ത്യയും പാക്കിസ്ഥാനും കൂടിയാലോചിച്ചു നിശ്ചയിച്ച വിധത്തിലാണു പാക്ക് സംഘം ഇന്ത്യ സന്ദര്‍ശിച്ചത്. ഇതനുസരിച്ച് ഇന്ത്യന്‍ സംഘം പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്ന കാര്യവും ഉള്‍പ്പെട്ടിരുന്നുവെന്നു വിദേശകാര്യ മന്ത്രാലയം ചണ്ടിക്കാട്ടി. എന്നാല്‍, പത്താന്‍കോട്ട് ആക്രമണം ഇന്ത്യ തന്നെ നടത്തിയ നാടകമാണ് എന്നു പാക്ക് അന്വേഷണ സംഘത്തിലെ ഒരുദ്യോഗസ്ഥന്‍ പറഞ്ഞതായി വന്ന മാധ്യമ വാര്‍ത്തകളോടു പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല. അതേസമയം, ഇന്ത്യയുമായുള്ള സമാധാന ശ്രമങ്ങള്‍ നിര്‍ത്തിവച്ചതായുള്ള ഹൈക്കമ്മിഷണര്‍ അബ്ദുല്‍ ബാസിതിന്റെ പ്രസ്താവനയെ തള്ളി പാക്കിസ്ഥാന്‍ രംഗത്തെത്തി. ഇന്ത്യയുമായുള്ള ചര്‍ച്ചയ്ക്കു സാഹചര്യങ്ങള്‍ നിലവിലുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ ബന്ധപ്പെടുന്നുണ്ടെന്നും ചര്‍ച്ചയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും പാക്ക് വിദേശകാര്യ വക്താവ് നഫീസ് സഖറിയ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പിന്‍മാറ്റം ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.