പത്താന്‍കോട്ടില്‍ വീണ്ടും ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം; സൈന്യം തിരിച്ചടിച്ചു; സല്‍വീന്ദര്‍ സിംഗിന് പെരുമാറ്റ പരിശോധനയും

പത്താന്‍കോട്ട്: പത്താന്‍കോട്ട് ജില്ലയിലെ ടാഷില്‍ നുഴഞ്ഞുകയറാനുള്ള പാക് ഭീകരരുടെ ലക്ഷ്യം തകര്‍ത്തതായി സൈന്യം അവകാശപ്പെട്ടു. സൈന്യം ശക്തമായ വെടിവെപ്പ് നടത്തുകയായിരുന്നു. പത്താന്‍കോട്ട് വ്യേമസേന താവളത്തില്‍ ഭീകരാക്രമണം നടത്തിയ ആറ് ജയ്‌ഷെ മുഹമദ് പ്രവര്‍ത്തകരെ സൈന്യം വധിച്ചിരുന്നു. അതിന് പിന്നാലെയാണിപ്പോള്‍ പത്താന്‍കോട്ട് ജില്ല പിടിച്ചടക്കാന്‍ പാക് ഭീകരരുടെ നീക്കം. പഞ്ചാബിലെ പത്താന്‍കോട്ട് ജില്ല ഇന്ത്യ-പാക് അതിര്‍ത്തിമേഖലയാണ്. ഇതാണ് ഭീകരര്‍ക്ക് ഇങ്ങോട്ടു നുഴഞ്ഞുകയറാന്‍ എളുപ്പവഴിയാകുന്നത്. ഇതിനിടെ പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നുണപരിശോധന പൂര്‍ത്തിയാക്കിയ ഗുര്‍ദാസ്പൂര്‍ മുന്‍ എസ്പി: സല്‍വീന്ദര്‍ സിങ്ങിനെ അടുത്തപടിയായി പെരുമാറ്റ പരിശോധന ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയനാക്കുമെന്നു എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. ഇന്നാണ് മനഃശാസ്ത്രജ്ഞര്‍ ഉള്‍പ്പെടുന്ന ഒരു ടീമിനുമുന്നില്‍ സല്‍വീന്ദറിനെ പെരുമാറ്റ പരിശോധനയ്ക്ക് വിധേയനാക്കുക എന്നാണ് സൂചന. ഇയാളുടെ സ്വഭാവസവിശേഷതകളെ ശാസ്ത്രീയമായി വിലയിരുത്തുന്നതിനാണിത്. ഒരു ‘ബിഹേവിയറല്‍ അനലിസ്റ്റും’ മനഃശാസ്ത്രജ്ഞരും ഉള്‍പ്പെട്ട സംഘമാണ് സല്‍വീന്ദറിനെ പരിശോധനയ്ക്ക് വിേധയനാക്കുക. തുടര്‍ച്ചയായ രണ്ടു ദിവസം സല്‍വീന്ദറിനെ നുണപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പരിശോധനയില്‍ ഇയാള്‍ അന്വേഷണത്തിന് സഹായകരമാകുന്ന എന്തെങ്കിലും വിവരങ്ങള്‍ നല്‍കിയോ എന്ന് വ്യക്തമാക്കാന്‍ എന്‍ഐഎ അധികൃതര്‍ തയാറായില്ല. കേസിന്റെ തുടരന്വേഷണത്തെ ബാധിക്കുമെന്നതിനാലാണിത്. എന്നാല്‍ ഇനിയും അദ്ദേഹത്തിനു മേലുള്ള പരിശോധനകള്‍ തുടരുമെന്നാണ് സൂചന.

© 2024 Live Kerala News. All Rights Reserved.