ഇസ്ലാമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ജെയ്‌ഷെ മുഹമ്മദ് നേതാവ് മൗലാന മസൂദ് അസറിന്റെ അറസ്റ്റിനെ കുറിച്ച് അറിവില്ലെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കി. നാളെ നടത്താനിരുന്ന ഇന്ത്യ-പാകിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച മാറ്റിവച്ചതായും പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും പാകിസ്ഥാന്‍ ഇന്ത്യയെ അറിയിച്ചു. അസര്‍ മസൂദിന്റെ അറസ്റ്റില്‍ ഔദ്യോഗിക വിശദീകരണം പാകിസഥാനില്‍ നിന്നും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കിയിരുന്നു. മസൂദ് രണ്ടു ദിവസം മുന്‍പ് കസ്റ്റഡിയിലായതായി പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേകുറിച്ച് പ്രതികരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രാലയം. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ്.ജയ്ശങ്കറും പാകിസ്ഥാന്‍ സെക്രട്ടറി എയ്‌സാസ് അഹമ്മദ് ചൗധരിയും തമ്മിലുള്ള കൂടിക്കാഴ്ച നാളെ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. പത്താന്‍കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജെയ്‌ഷെ ഭീകരര്‍ക്കെ ഉചിതമായ നടപടിയുണ്ടായില്ലെങ്കില്‍ ചര്‍ച്ച മാറ്റിവച്ചേക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മാറ്റമെന്നറിയുന്നു.