പത്താന്‍കോട്ട് വ്യോമസേന താവളം ആക്രമിക്കുന്നതിന് ഒരു ദിവസം മുമ്പ് തന്നെ അകത്തു കടന്നു; മിലിട്ടറി എന്‍ജിനിയര്‍ സര്‍വീസിസിന്റെ കെട്ടിടത്തിന്റെ പൂട്ട് പൊളിച്ചാണ് ഭീകരര്‍ ഒളിതാവളം ഒരുക്കിയത്

പത്താന്‍കോട്ട്: പത്താന്‍കോട്ട് വ്യോമസേന താവളം ആക്രമിക്കുന്നതിന്റെ ഒരു ദിവസം മുമ്പ് അതായത് കൃത്യം 24 മണിക്കൂര്‍ മുമ്പു തന്നെ ഭീകരര്‍ അകത്തുകയറിയതായി എന്‍ഐഎ. ഉപയോഗ ശൂന്യമായ സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന മിലിട്ടറി എന്‍ജിനിയര്‍ സര്‍വീസിസിന്റെ കെട്ടിടത്തിന്റെ പൂട്ട് പൊളിച്ചാണ് ഭീകരര്‍ ഒളിതാവളം ഒരുക്കിയത്. സ്ഥലത്ത് നടത്തിയ തിരച്ചിലില്‍ ഭക്ഷണം കഴിച്ചതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പൊടിനിറഞ്ഞ മുറിയിലെ വസ്തുക്കള്‍ നീക്കിവച്ച ശേഷം കിടക്കാനുള്ള സ്ഥലം ക്രമീകരിച്ചതായും എന്‍ഐഎ കണ്ടെത്തി. രാത്രിയാകുന്നത് വരെ ഭീകരര്‍ അവിടെ ഒളിച്ചിരിക്കുകയായിരുന്നു. പിന്നീട്, സുരക്ഷാ സൈനികര്‍ ക്ഷീണിതരാവുകയും ജോലി സമയം മാറുന്ന സമയവും നോക്കി ആക്രമണം അഴിച്ചുവിട്ടെന്നാണ് എന്‍ഐഎയുടെ അനുമാനം. മിലിട്ടറി എന്‍ജിനിയര്‍ സര്‍വീസിസിന്റെ ഗാര്‍ഡില്‍ കാവല്‍ ഇല്ലെന്നും അവിടം സൈനികര്‍ സന്ദര്‍ശിക്കാറില്ലെന്നും ഉറച്ച അറിവുള്ളതിനാലാണ് ഭീകരര്‍ ഇത്രയും നീണ്ട സമയം ധൈര്യത്തോടെ അവിടെ കഴിഞ്ഞതെന്നാണ് സൂചന. വ്യോമകേന്ദ്രത്തിലെ ഉപകരണങ്ങള്‍ ലക്ഷ്യമാക്കി പുലര്‍ച്ചെ ആക്രമണം നടത്തിയെങ്കിലും പിടിക്കപ്പെടുമെന്നു തോന്നിയപ്പോഴാണ് സൈനികര്‍ക്കു നേരെ വെടിയുതിര്‍ത്തത്.നേരത്തെ അകത്തു കടന്ന ഭീകരര്‍ മിലിട്ടറി എന്‍ജിനിയര്‍ സര്‍വീസിസിന്റെ ഉപയോഗ ശൂന്യമായ കെട്ടിടത്തില്‍ ഒളിച്ചിരുന്നുവെന്നാണ് ഒരു പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിലെ ഒരു ഉന്നത ഉദ്യോഗ്സ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനെ സാധൂകരിക്കുന്ന തെളിവുകളും എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. ജനുവരി രണ്ടിന് പുലര്‍ച്ചെയാണ് വ്യോമതാവളത്തില്‍ ഭീകരര്‍ ആക്രമണം നടത്തിയത്. കൃത്യമായ ആസൂത്രണം നടത്തിയും സഹായം ലഭ്യമാക്കിയുമാണ് ഭീകരര്‍ കേന്ദ്രത്തിന് അകത്തുകയറിയത്. ഭീകരര്‍ക്ക് സഹായം ലഭിച്ച സ്രോതസ്സുകളെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നുണ്ട്.

© 2024 Live Kerala News. All Rights Reserved.