ന്യൂഡല്‍ഹി: പത്താന്‍കോട്ടിന് സമാനമായ ഭീകരാക്രമണങ്ങള്‍ ഇന്ത്യയ്ക്കുനേരെ ഇനിയും നടത്തുമെന്ന് പാകിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന യുനൈറ്റഡ് ജിഹാദ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയുടെ് ഭീഷണി. ഇന്ത്യയിലെ വടക്കന്‍ സംസ്ഥാനങ്ങളിലെ പ്രധാന സൈനിക കേന്ദ്രങ്ങളില്‍ ഇനിയും ആക്രമണങ്ങളുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കശ്മീരിലുള്ള ഇന്ത്യന്‍ സേനയെ പിന്‍വലിക്കുന്നതുവരെ ആക്രമണം തുടരുമെന്നാണ് ഭീഷണി സന്ദേശമുള്‍പ്പെട്ട വീഡിയോയില്‍ പറയുന്നത്. ജമീല്‍ ഉര്‍ റഹ്മാനാണ് വീഡിയോ സന്ദേശം നല്‍കുന്നത്. പത്താന്‍കോട്ട് ആക്രമണം നടത്തിയ കശ്മീരി ഭീകരവാദികളാണെന്നും പാകിസ്ഥാന്റെ ചാരസംഘടന സ്‌പോണ്‍സര്‍ ചെയ്തതല്ലെന്നും അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറയുന്നു. ‘കശ്മീരിനെ ആക്രമിക്കാന്‍, കശ്മീരി ജനതയെയും സ്ത്രീകളേയും ആക്രമിക്കാന്‍ ഇന്ത്യന്‍ ട്രൂപ്പുകള്‍ ഇതേ ബേസ് തന്നെയാണ് ഉപയോഗിക്കുന്നത് എന്നതിനാലാണ് പത്താന്‍കോട്ട് ആക്രമിക്കാന്‍ ലക്ഷ്യമിട്ടത്. ‘ തഹ്രീക് അല്‍ മുജാഹിദീന്‍ നേതാവുകൂടിയായ ജമീല്‍ പറയുന്നു. ‘കശ്മീരുമായി ബന്ധപ്പെട്ട് 150 ഓളം ചര്‍ച്ചകള്‍ ഇതുവരെ പരാജയപ്പെട്ടു. ഇത്തരം ചര്‍ച്ചകളിലൂടെ ഒന്നും നടക്കില്ല, കാരണം ഇന്ത്യയ്ക്കുമേല്‍ വേണ്ടത്ര സമ്മര്‍ദ്ദമൊന്നുമില്ല. ഞങ്ങള്‍ ചര്‍ച്ചകള്‍ക്ക് എതിരല്ല, പക്ഷെ അര്‍ത്ഥപൂര്‍ണമായ ചര്‍ച്ചകളാണ് നടക്കേണ്ടത്. കശ്മീര്‍ തര്‍ക്കമായി ഇന്ത്യ വിശേഷിപ്പിക്കാന്‍ തയ്യാറാവുകയാണെങ്കില്‍ സേനയെ തിരിച്ചുവിളിക്കുകയാണെങ്കില്‍ മാത്രമേ അത്തരമൊന്ന് സംഭവിക്കുകയുള്ളൂ.’ വീഡിയോയില്‍ പറയുന്നു. ജമീല്‍ ഉര്‍ റഹ്മാന്റെ ഭീഷണി വളരെ ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നത്.