ഇസ്ലാമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച പാകിസ്ഥാന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി. നവാസ് ഷെരീഫിനെ ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചതായും പാക് പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു
ഭീകരാക്രമണം സംബന്ധിച്ചുളള യാഥാര്‍ത്ഥ്യം ഉടന്‍ പുറത്തുകൊണ്ടുവരുമെന്നും, വളരെ വേഗത്തിലാണ് അന്വേഷണം നടക്കുന്നതെന്നും നവാസ് ഷെരീഫ് ജോണ്‍കെറിയെ അറിയിച്ചു. അന്വേഷണം സുതാര്യമായിരിക്കും എന്നറിയിച്ച പാകിസ്ഥാന് അമേരിക്ക പൂര്‍ണ പിന്തുണ നല്‍കുമെന്നും വാര്‍ത്താക്കുറിപ്പിലുണ്ട്. തീവ്രവാദത്തിനെതിരായ നടപടികള്‍ക്കൊപ്പം ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ചകളും നടക്കണമെന്ന് നേരത്തെ കെറി വ്യക്തമാക്കിയിരുന്നു. പത്താന്‍കോട്ടില്‍ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാനിലെ ഭീകരവാദ സംഘടനയ്ക്ക് ബന്ധമുണ്ടെന്നുളള തെളിവുകള്‍ കഴിഞ്ഞദിവസം ഇന്ത്യ പാകിസ്ഥാന് കൈമാറിയിരുന്നു.