പത്താന്‍കോട്ട്: പത്താന്‍കോട്ട് വ്യോമസേനതാവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദര്‍ശിക്കുന്നു. ഭീകരാക്രമണം നടന്ന താവളത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. രാവിലെ പതിനൊന്ന് മണിയോടെ പ്രധാനമന്ത്രി പത്താന്‍കോട്ടിലെത്തുമെന്നാണ് സൂചന. ആക്രമണത്തെ തുടര്‍ന്നുളള സാഹചര്യങ്ങളും തന്ത്രപ്രധാന വ്യോമസേനാ താവളത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളും പ്രധാനമന്ത്രി വിലയിരുത്തും. ഭീകരരെ വധിച്ചശേഷം വ്യോമസേനാ താവളം പൂര്‍ണമായും പരിശോധിച്ച് സുരക്ഷ ഉറപ്പാക്കിയതായി വ്യോമസേന അറിയിച്ചു. ഇതിനിടെ പത്താന്‍കോട്ട് ആക്രമണത്തില്‍ സന്തോഷം പങ്കിടുന്ന ജയ്‌ഷെ മുഹമദ് ഭീകരുടെ ശബ്ദരേഖ പുറത്തുവന്നു. ഇന്ത്യയുടെ ആരോപണത്തില്‍ പാക് നേതാക്കള്‍ എന്തിന് ഭയപ്പെടണമെന്ന് ജയ്്‌ഷെ മുഹമദ് തലവന്‍ മസൂദ് അസര്‍ ചോദിക്കുന്നതും ശബ്ദരേഖയിലുണ്ട്.
അതേസമയം കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിന്റെ തെളിവെടുപ്പ് പുരോഗമിക്കുകയാണ്. അതിര്‍ത്തി ഗ്രാമങ്ങളിലെ പാടങ്ങളില്‍ നിന്നും വ്യോമസേനാ താവളത്തില്‍ നിന്നും ശേഖരിച്ച കാല്‍പ്പാടുകള്‍ ഫൊറന്‍സിക്ക് പരിശോധനയ്ക്ക് അയച്ചു. പത്താന്‍കോട്ട് വ്യോമതാവളത്തില്‍ ജോലി ചെയ്യുന്നതിനിടെ ചാരപ്പണിക്ക് പിടികൂടിയ ഉദ്യോഗസ്ഥനെയും ഭട്ടിന്‍ഡ വ്യോമതാവളത്തില്‍ ജോലി ചെയ്യുന്നതിനിടെ കുടുംബസമേതം പാക്കിസ്ഥാനിലേക്കു പോയി പിന്നീട് കാണാതായ വ്യക്തിയെയും ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. ഭീകരര്‍ക്കു പ്രവേശിക്കാന്‍ പത്താന്‍കോട്ട് താവളത്തിന്റെ ചുറ്റുമതിലിലെ ലൈറ്റ് കെടുത്തിയതും ദിശമാറ്റിയതും ആരെന്നതും അന്വേഷിക്കുന്നു. പാക്കിസ്ഥാനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ഈയിടെ വ്യോമസേനയില്‍ നിന്നു പിടിയിലായ മലയാളി കെ.കെ. രഞ്ജിത്തിന്റെ പങ്കും അന്വേഷണത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. നരേന്ദ്രമോഡി പാകിസ്ഥാന്‍ സന്ദര്‍ശിച്ചതിന് പിന്നാലെ നടന്ന ഭീകരാക്രമണത്തെക്കുറിച്ച് ശിവസേന ഉള്‍പ്പെടെ രംഗത്ത് വന്നിരുന്നു. പത്താന്‍കോട്ടില്‍ സുക്ഷാസൈനികരും ഭീകരരും ഏറ്റുമുട്ടുമ്പോള്‍ മോഡി ട്വിറ്ററിലായിരുന്നെന്ന് ആക്ഷേപവും പുറത്തുവന്നിരുന്നു.