പത്താന്‍കോട്ട് ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ നിര്‍ദേശം; ഇന്ത്യ നല്‍കിയ തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് അന്വേഷണം

ഇസ്‌ലാമാബാദ്: പത്താന്‍കോട്ടില്‍ വ്യോമസേന ആസ്ഥാനത്ത് നടന്ന ഭീകരാക്രമണത്തിന് പിന്നിലെ പാക് ബന്ധം വ്യക്തമായ സാഹചര്യത്തിലാണ് അന്വേഷണത്തിന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ് ഉത്തരവിട്ടത്. ഇന്ത്യ നല്‍കിയ തെളിവുകള്‍ അടിസ്ഥാനമാക്കി അന്വേഷണം നടത്താനാണ് നവാസ് ശരീഫ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഉന്നത ഉദ്യോഗസ്ഥരുമായി നവാസ് ശരീഫ് ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് അന്വേഷണം നടത്താനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇന്ത്യ നല്‍കിയ തെളിവുകളുടെ ഫയലുകള്‍ പാകിസ്താന്‍ രഹസ്യാന്വേഷണ വിഭാഗം തലവന്‍ അഫ്താബ് സുല്‍ത്താന് കൈമാറി.ഭീകരാക്രമണം ആസൂത്രണം ചെയ്ത ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ അടക്കമുള്ള നാലു പേര്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ ഈ മാസം 14, 15 തീയതികളില്‍ നിശ്ചയിച്ചിരുന്ന വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയില്‍ നിന്ന് പിന്‍മാറുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

pathankot10_647_010616084019

പാത്താന്‍കോട്ട് വ്യോമസേന കേന്ദ്രത്തിനു പുറത്തെ 11 അടി ഉയരമുള്ള ചുറ്റുമതില്‍ മരത്തിലൂടെയും കയറിലൂടെയും കയറി ചാടിക്കടന്ന് കമ്പിവേലി മുറിച്ചാണ് ഭീകരര്‍ ഉള്ളില്‍ കടന്നത്. ഭീകരര്‍ ഇത് ചെയ്ത സ്ഥലത്ത് ഫഌ് ലൈറ്റുകളുടെ വെളിച്ചമില്ലായിരുന്നു. മതിലിലേക്ക് അടിക്കേണ്ട ലൈറ്റുകള്‍ ഈ പ്രദേശത്ത് മാത്രം മുകളിലേക്ക് ദിശമാറ്റിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഇതിന്റെ ഭാഗമായിട്ടാണ് കരസേനയുടെ എന്‍ജിനിയറിങ് സര്‍വീസ് വിഭാഗത്തിലെ ജീവനക്കാരനെ ചോദ്യം ചെയ്തത്. വ്യോമസേന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ചുള്ള രഹസ്യവിവരങ്ങള്‍ പാകിസ്ഥാനില്‍ നിന്നുള്ള ഭീകരര്‍ക്ക് ചോര്‍ന്നിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്ദ്യോഗസ്ഥരുടെ നിഗമനം. പത്താന്‍കോട്ട് ആക്രമണം ആസൂത്രണം ചെയ്ത ജയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറും സഹോദരന്‍ അബ്ദുല്‍ റൗഫ് അസ്ഗറുമടക്കം നാലുപേര്‍ക്കെതിരെയുള്ള ശക്തമായ തെളിവുകളാണ് ഇന്ത്യ കൈമാറിയത്. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാന്‍ ഉറച്ച നടപടി എടുത്തില്ലെങ്കില്‍ വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയില്‍ നിന്ന് പിന്മാറാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ഭീകരര്‍ ഉപയോഗിച്ച ആയുധങ്ങള്‍ പാക് നിര്‍മ്മിതമാണെന്നുള്‍പ്പെടെയുള്ള തെളിവുകളാണ് ഇന്ത്യ പാകിസ്ഥാന് കൈമാറിയത്. ഈ സാഹചര്യത്തിലാണ് പാക് പ്രധാനമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.

© 2024 Live Kerala News. All Rights Reserved.