പത്താന്‍കോട്ട്: പാക് ഭീകര്‍ക്ക് വ്യോമസേനാ താവളത്തിനുള്ളില്‍ നിന്ന് തന്നെ സഹായം ലഭിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഇതിന്റെയടിസ്ഥാനത്തില്‍ എന്‍ജിനിയറിങ് വിഭാഗത്തിലെ ജീവനക്കാരനെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. മൊഴിയിലെ വൈരുധ്യവും സംശയസാഹചര്യവും കണക്കിലെടുത്ത് ഗുരുദാസ്പൂര്‍ മുന്‍ എസ്പി സല്‍വീന്ദര്‍ സിങ്ങിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ എന്‍ഐഎ തീരുമാനം. അതേസമയം, ഭീകരാക്രമണം ആസൂത്രണം ചെയ്ത ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ അടക്കമുള്ള നാലു പേര്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ ഈ മാസം 14, 15 തീയതികളില്‍ നിശ്ചയിച്ചിരുന്ന വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്‍മാറും. പാത്താന്‍കോട്ട് വ്യോമസേന കേന്ദ്രത്തിനു പുറത്തെ 11 അടി ഉയരമുള്ള ചുറ്റുമതില്‍ മരത്തിലൂടെയും കയറിലൂടെയും കയറി ചാടിക്കടന്ന് കമ്പിവേലി മുറിച്ചാണ് ഭീകരര്‍ ഉള്ളില്‍ കടന്നത്. ഭീകരര്‍ ഇത് ചെയ്ത സ്ഥലത്ത് ഫ്‌ളഡ് ലൈറ്റുകളുടെ വെളിച്ചമില്ലായിരുന്നു. മതിലിലേക്ക് അടിക്കേണ്ട ലൈറ്റുകള്‍ ഈ പ്രദേശത്ത് മാത്രം മുകളിലേക്ക് ദിശമാറ്റിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഇതിന്റെ ഭാഗമായിട്ടാണ് കരസേനയുടെ എന്‍ജിനിയറിങ് സര്‍വീസ് വിഭാഗത്തിലെ ജീവനക്കാരനെ ചോദ്യം ചെയ്തത്. ലൈറ്റുകള്‍ മനപ്പൂര്‍വ്വം മുകളിലേക്ക് ദിശ മാറ്റിയതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 23 വിദേശ പൈലറ്റുകള്‍ പരിശീലനത്തിനായി പത്താന്‍കോട്ടുള്ളപ്പോഴാണ് ഭീകരരാക്രമണമുണ്ടായത്. ഇത് യാദൃശ്ചികമാണോ എന്നകാര്യവും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്.
വ്യോമസേന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ചുള്ള രഹസ്യവിവരങ്ങളും ചോര്‍ന്നിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്ദ്യോഗസ്ഥരുടെ നിഗമനം. എന്‍എസ്ജിയും വായുസേന, കരസേന കമാന്‍ഡോകളും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാണ് ഭീകരരെ വകവരുത്തിയതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അതല്ല യാഥാര്‍ഥ്യമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. പത്താന്‍കോട്ട് ആക്രമണം ആസൂത്രണം ചെയ്ത ജയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറും സഹോദരന്‍ അബ്ദുല്‍ റൗഫ് അസ്ഗറുമടക്കം നാലുപേര്‍ക്കെതിരെയുള്ള ശക്തമായ തെളിവുകളാണ് ഇന്ത്യ കൈമാറിയത്. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാന്‍ ഉറച്ച നടപടി എടുത്തില്ലെങ്കില്‍ വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയില്‍ നിന്ന് പിന്മാറാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. എസ് പി സല്‍വീന്ദര്‍ സംിഗിന് സംഭവത്തില്‍ പരോക്ഷമായ ബന്ധമുണ്ടെന്ന നിഗമനത്തിലാണ് എന്‍ഐഎ.