ലാഹോര്‍: പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലെ ആക്രമണത്തിന്റെ സൂത്രധാരന്‍ ഇന്ത്യ വിട്ടയച്ച പാക് ഭീകരനാണെന്ന് വിവരം. ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മൗലാന മസൂദ് അസ്ഹര്‍ ഇന്ത്യ വിട്ടയച്ച ഭീകരന്‍. 16 വര്‍ഷം മുന്‍പ് അഫ്ഗാനിസ്ഥാനിലെ കാണ്ടഹാറിലേക്കു തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ 155 യാത്രക്കാരെ വിട്ടയയ്ക്കുന്നതിനു പകരമായി ഇന്ത്യ തടവില്‍നിന്നു മോചിപ്പിച്ച ഭീകരനാണു മൗലാനാ മസൂദ് അസ്ഹര്‍. 1999 ഡിസംബര്‍ 24നാണു കാഠ്മണ്ഡു വിമാനത്താവളത്തില്‍നിന്നു ഡല്‍ഹിയിലേക്കു പുറപ്പെട്ട ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐ.സി 814 വിമാനം പാക്ക് ഭീകരര്‍ തട്ടിയെടുത്തത്.
മസൂദിനൊപ്പം അഹമ്മദ് ഉമര്‍ സയീദ് ഷെയ്ഖ്, മുസ്തഫ അഹമ്മദ് സാര്‍ഗര്‍ എന്നിവരെയും അന്ന് ഇന്ത്യയ്ക്കു മോചിപ്പിക്കേണ്ടി വന്നു. അന്നത്തെ വിദേശകാര്യമന്ത്രി ജസ്വന്ത് സിങ് ഇവരെ പ്രത്യേക വിമാനത്തില്‍ കാണ്ടഹാറില്‍ കൊണ്ടുപോയി റാഞ്ചികള്‍ക്കു കൈമാറുകയായിരുന്നു. അസ്ഹര്‍ പിന്നീട് ജയ്‌ഷെ മുഹമ്മദ് എന്ന തീവ്രവാദ പ്രസ്ഥാനത്തിനു രൂപംനല്‍കി. 2001ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണത്തിനു പിന്നില്‍ ജയ്ഷ് ആയിരുന്നു. പാക്കിസ്ഥാന്‍ അസറിനെ അറസ്റ്റ് ചെയ്യുകയും സംഘടനയെ നിരോധിക്കുകയും ചെയ്തു. എന്നാല്‍, ലഹോര്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയതിനെത്തുടര്‍ന്ന് ഒരുവര്‍ഷത്തിനുശേഷം മോചിതനായി. ഇന്ത്യയ്‌ക്കെതിരെ ഭീകരാക്രമണം നടത്തുന്ന മിക്കവാറും ഭീകരരെയും പലപ്പോഴായി പാകിസ്ഥാന്‍ തടങ്കലില്‍ നിന്ന് വിട്ടയച്ചവരാണ്.