ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയ എസ്പിയുടെ വാദത്തില്‍ അവ്യക്തത; സല്‍വീന്ദര്‍ സിംഗിന്റെ മടങ്ങി വരവില്‍ ദുരൂഹത നിലനില്‍ക്കുന്നതായി അന്വേഷണസംഘം

പത്താന്‍കോട്ട്: ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയെന്ന് പറയുന്ന എസ്പിയുടെ വാദങ്ങളില്‍ അവ്യക്തതതയും ദുരൂഹതയും നിലനില്‍ക്കുന്നതായി അന്വേഷണസംഘം.
ഭീകരര്‍ തട്ടികൊണ്ടുപോയ സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സല്‍വീന്ദര്‍ സിംഗ് പാകിസ്ഥാനില്‍ നിന്നും ജീവനോടെ തിരിച്ചെത്തിയിരുന്നു. ഡിസംബര്‍ 30ന് രാത്രിയോടെയാണ് എസ്പി മറ്റു രണ്ടു ഉദ്യോഗസ്ഥരുമായി പാകിസ്ഥാന്‍ അതിര്‍ത്തി പ്രദേശത്ത് എത്തിയത്. ഔദ്യോഗിക വാഹനത്തിലായിരുന്നെങ്കിലും പൊലീസ് യൂണിഫോമിലായിരുന്നില്ല താന്‍ എത്തിയതെന്നായിരുന്നു എസ്പിയുടെ വിശദീകരണം.ആധുനിക ആയുധങ്ങളുമായി അതിര്‍ത്തി പ്രദേശത്ത് എത്തിയ ഭീകരര്‍ തന്നെ ബന്ധിയാക്കുകയായിരുന്നുവെന്നും . തീവ്രവാദികള്‍ പഞ്ചാബിയിലും, ഹിന്ദിയിലും, ഉറുദുവിലും സംസാരിച്ചതായും സല്‍വീന്ദര്‍ സിംഗ് പറഞ്ഞു. താന്‍ പൊലീസ് ഓഫീസറാണെന്ന് തീവ്രവാദികള്‍ക്ക് തിരിച്ചറിയാന്‍ സാധിച്ചുകാണില്ലെന്നും അതുകൊണ്ടാവാം തന്നെ കൊല്ലാതെ വിട്ടതെന്നും സല്‍വീന്ദര്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ കാര്‍ തീവ്രവാദികള്‍ പിടിച്ചെടുത്തശേഷം കൈയ്യും കാലും കൂട്ടികെട്ടിയും, വായും കണ്ണും മൂടിയുമാണ് കൊണ്ടുപോയത്. താന്‍ ജീവനോടെ മടങ്ങിയെത്തിയത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും, തീവ്രവാദികള്‍ തന്നെ കൊല്ലാനായി തിരിച്ചുവരുമെന്നും, താന്‍ നിരപരാധിയാണെന്നും സല്‍വീന്ദര്‍ വ്യക്തമാക്കി. താന്‍ പറയുന്നത് കള്ളമാണെങ്കില്‍ തന്നെ ശിക്ഷിക്കണമെന്നും സല്‍വീന്ദര്‍ പറഞ്ഞു. എന്നാല്‍ എസ്പിയുടെ മൊഴിയില്‍ തീവ്രവാദികളുടെ എണ്ണം സംബന്ധിക്കുന്ന വിവരങ്ങളില്‍ സംശയമുണ്ടെന്ന് അന്വേഷണ സംഘം സംശയം പ്രകടിപ്പിച്ചു. അടിമുടി വൈരുദ്ധ്യങ്ങളുള്ള എസ്പിയുടെ മൊഴി പൂര്‍ണ്ണമായി വിശ്വസിക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.

© 2024 Live Kerala News. All Rights Reserved.