പത്താന്‍കോട്ട്: പത്താന്‍കോട്ട് വ്യോമസേനാ താവളം ആക്രമിച്ച മുഴുവന്‍ ഭീകരരെയും വധിച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. തിരച്ചില്‍ നടപടി തുടരുന്നുണ്ട്. വ്യോമതാവളത്തില്‍ ധാരാളം വാഹനങ്ങള്‍ ഉണ്ടായിരുന്നു. ഇതിനെ മറയാക്കിയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. 40-50 കിലോ സ്‌ഫോടക വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഭീകരരുടെ കയ്യില്‍ ഉണ്ടായിരുന്നു. പിസ്റ്റളുകള്‍, എകെ 47 തോക്കുകള്‍, മോട്ടോര്‍ ഷെല്ലുകള്‍, തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. ആക്രമണം സംബന്ധിച്ച് എന്‍ഐഎ അന്വേഷണം ആരംഭിച്ചു. ഭീകരര്‍ക്ക് പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍. പാക്ക് നിര്‍മിത ആയുധങ്ങളാണ് ഭീകരരില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്. ഉഗ്രസ്‌ഫോടക ശക്തിയുള്ള സ്‌ഫോടക വസ്തുക്കള്‍ വ്യോമസേന താവളത്തില്‍ പല സ്ഥലത്തും ഭീകരര്‍ സ്ഥാപിച്ചിട്ടുണ്ട്. ഭീകരര്‍ പല കെണികളും ഒരുക്കി വച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യോമതാവളത്തില്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടില്ല. ഭീകരര്‍ ഒളിച്ചിരുന്ന രണ്ടു കെട്ടിടങ്ങള്‍ക്ക് മാത്രമാണ് ചെറിയ കേടുപാടുകള്‍ ഉണ്ടായത്. ഏറെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു പത്താന്‍കോട്ടിലെ ഓപ്പറേഷന്‍. വളരെ വലിയ പ്രദേശമാണിത്. 3000 കുടുംബങ്ങള്‍ ഈ താവളത്തിന്റെ ചുറ്റുപാടില്‍ താമസിക്കുന്നുണ്ട്. അതിനാല്‍ തന്നെ എല്ലാവശങ്ങളും നോക്കിയെ സൈന്യത്തിന് പ്രവര്‍ത്തിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. സുരക്ഷാസേന ഇപ്പോഴും അകത്ത് പരിശോധന തുടരന്നുണ്ട്. അതേസമയം ഏറ്റുമുട്ടലും വെടിയൊച്ചയും നിലച്ചിട്ടുണ്ട്.