പത്താന്‍കോട്ട് വ്യേമസേന കേന്ദ്രത്തിനകത്ത് രണ്ട് ഭീകരര്‍കൂടിയുള്ളതായി സംശയം; തിരച്ചില്‍ തുടരുന്നു; സംഭവത്തിന് പിന്നില്‍ ജയ്‌ഷെ മുഹമദ്?

പത്താന്‍കോട്ട്: പത്താന്‍കോട്ട് വ്യോമതാവളത്തില്‍ രണ്ട് ഭീകരര്‍കൂടിയുണ്ടെന്ന സംശയത്തില്‍ തിരച്ചില്‍ തുടരുകയാണ്. ആക്രമണം നടത്തിയ സംഘത്തിലെ രണ്ടുപേരെക്കൂടി വധിച്ചതോടെ കൊല്ലപ്പെട്ട പാക്ക് ഭീകരരുടെ എണ്ണം ആറായി. മൂന്നു ദിവസം നീണ്ട ഏറ്റുമുട്ടലിനു ശേഷവും എല്ലാ ഭീകരരെയും വധിച്ചോ എന്ന് ഔദ്യോഗികമായുള്ള സ്ഥിരീകരം വന്നിട്ടില്ല. താവളത്തിനകത്തു രണ്ടു ഭീകരരെ കൂടി കണ്ടുവെന്നു സൂചനയുണ്ട്. പരിശോധന തുടരുന്നതായാണ് അനൗദ്യോഗിക വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്തം കശ്മീരിലെ ഇന്ത്യാവിരുദ്ധ സംഘടനകളുടെ ഏകോപന സമിതിയായ യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍ ഏറ്റെടുത്തിട്ടുണ്ട്. കശ്മീര്‍ ഭീകരരും ‘ഹൈവേ സ്‌ക്വാഡും’ ചേര്‍ന്നാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് അവര്‍ അവകാശപ്പെട്ടതായി ശ്രീനഗറിലെ സിഎന്‍എസ് ന്യൂസ് ഏജന്‍സി അറിയിച്ചു. എന്നാല്‍, ഇതു ശ്രദ്ധതിരിക്കാനുള്ള തന്ത്രമാണെന്നും പാക്ക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദാണ് ആക്രമണത്തിനു പിന്നിലെന്നുമാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘടനകളുടെ നിലപാട്. ആറു ഭീകരരാണ് വ്യോമതാവളത്തില്‍ കടന്നതെന്നാണ് സര്‍ക്കാര്‍ നല്‍കിയിരുന്ന വിശദീകരണം. എന്നാല്‍ ആറു പേരും കൊല്ലപ്പെട്ടതോടെ ഏറ്റുമുട്ടല്‍ അവസാനിച്ചതായി പ്രഖ്യാപനമുണ്ടായിട്ടില്ല. ഇതാണ് സൈനിക കേന്ദ്രത്തില്‍ ഇനിയും ഭീകരര്‍ ഉണ്ടോ എന്ന സംശയം ഉയര്‍ത്തുന്നത്. വെടിയൊച്ചകളൊന്നും പുറത്തേക്ക് കേള്‍ക്കുന്നില്ല. തിരച്ചില്‍ മാത്രമാണ് നടക്കുന്നതെന്നാണ് വിവരം.

© 2024 Live Kerala News. All Rights Reserved.