എയര്‍ബേസിനുള്ളില്‍ രണ്ട് ഭീകരര്‍കൂടി; പത്താന്‍കോട്ട് വ്യോമതാവളത്തില്‍ ശക്തമായ വെടിവെപ്പ് മൂന്നാംദിനത്തിലും; രണ്ടുതവണ സ്‌ഫോടനം

പത്താന്‍കോട്ട്: പത്താന്‍കോട്ട് വ്യോമതാവളത്തില്‍ അതിക്രമിച്ചുകയറിയ ഭീകരില്‍ രണ്ട് പേര്‍ക്കായി ഏറ്റുമുട്ടല്‍ മൂന്നാം ദിവസത്തിലേക്ക്. കേന്ദ്രത്തിനകത്ത് സ്‌ഫോടനം നടന്നതോടെയാണ് ആളുണ്ടെന്ന് സ്ഥിരീകരിച്ചത്. എയര്‍ ബേസിനുള്ളില്‍ ഇനിയും രണ്ട് ഭീകരരുണ്ടെന്നാണ് വിവരം. ഇന്ന് രാവിലെ എട്ടുമണിയോടെ വ്യോമതാവളത്തിന് ഉള്ളില്‍ നിന്നും രണ്ട് തവണ സ്‌ഫോടന ശബ്ദമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ശക്തമായ വെടിവെപ്പാണ് തുടരുന്നത്. പാക് അതിര്‍ത്തിക്ക് സമീപമുള്ള പത്താന്‍കോട്ട് എയര്‍ബേസില്‍ ഞായറാഴ്ച്ച പുലര്‍ച്ചെ മൂന്നരയോടെയാണ് ഭീകരര്‍ അതിക്രമിച്ചുകയറിയത് ആക്രമണം തുടങ്ങിയത്. ഏറ്റുമുട്ടലില്‍ മലയാളി എന്‍എസ്ജി കമാന്‍ഡോയടക്കം ഏഴ് സൈനികരും അഞ്ച് ഭീകരരും കൊല്ലപ്പെട്ടിട്ടു. ശേഷിക്കുന്ന ഭീകരര്‍ക്കായുള്ള തിരിച്ചില്‍ തുടരുകയാണ്. 1600 ഏക്കര്‍ വരുന്ന പ്രദേശത്താണ് വ്യോമതാവളം. ഏറ്റുമുട്ടലില്‍ ഇതുവരെ ആറ് വ്യോമസേനാ ഉദ്യോഗസ്ഥരും ഒരു എന്‍.എസ്.ജി കമാന്‍ഡോയുമടക്കം ഏഴ് ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. 20 സൈനികര്‍ക്ക് പരിക്കേറ്റു. അഞ്ച് ഭീകരരെ വധിച്ചതായും ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്‌റിഷി ഇന്നലെ വ്യക്തമാക്കിയിരുന്നു. സുരക്ഷാ പരിശോധനയ്ക്കിടെയാണ് ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് നിരഞ്ജന്‍ മരിച്ചത്. കൊല്ലപ്പെട്ട ഭീകരന്റെ ശരീരത്തു നിന്ന് ഗ്രനേഡ് മാറ്റുന്നതിനിടെയായിരുന്നു അപകടം. നിരഞ്ജന്റെ മൃതദേഹം ബാംഗ്ലൂരില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി. പാലക്കാട്ടെ എളമ്പുലാശേരിയിലെ വീട്ടുവളപ്പില്‍ ഇന്ന് സംസ്‌ക്കരിക്കും.
ബംഗളൂരിവില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അന്ത്യോപചാരം അര്‍പിച്ചു. നിരഞ്ജന്‍ കുമാറിന്റെ കുടുംബത്തിന് കര്‍ണാടക സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഞായറാഴ്ച്ച പുലര്‍ച്ചെ മൂന്നരയോടെയാണ് ഭീകരര്‍ തന്ത്രപ്രധാന മേഖലയായ പത്താന്‍കോട്ട് എയര്‍ബേസില്‍ കയറി വെടിയുതിര്‍ത്തത്. സൈനിക വേഷത്തില്‍ ഔദ്യോഗിക വാഹനത്തിലെത്തിയ ഭീകരരാണ് ആക്രമണം നടത്തിയത്. മിഗ് 29 വിമാനങ്ങളും, ഹെലികോപ്റ്ററുകളുമുളള തന്ത്രപ്രധാനമേഖലയാണ് പത്താന്‍കോട്ടിലെ എയര്‍ബേസ്. വെടിയുതിര്‍ത്ത് എത്തിയ ഭീകരര്‍ ടെക്‌നിക്കല്‍ ഏരിയയിലേക്കാണ് കടക്കാന്‍ ശ്രമിച്ചത്. രാജ്യത്തെ ഞെട്ടിച്ച പത്താന്‍കോട്ട് ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്റെ പങ്കാണ് പുറത്തുവരുന്നത്.

© 2024 Live Kerala News. All Rights Reserved.