കാലിഫോര്‍ണിയ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് ആയുധം നല്‍കിയ യുവാവ് അറസ്റ്റില്‍; സംഭവത്തില്‍ ഐഎസിന്റെ പങ്ക് പുറത്തുവന്നിരുന്നു

വാഷിങ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നടന്ന ഭീകരാക്രമണത്തില്‍ പങ്കെടുത്ത ദമ്പതികള്‍ക്ക് തോക്കുകള്‍ നല്‍കിയ സംഭവത്തില്‍ യുവാവ് പിടിയില്‍. സൈനികവേഷത്തിലെത്തി വെടിവെപ്പ് നടത്തിയ ദമ്പതികള്‍ക്ക് സഹായം ചെയ്തുകൊടുത്തത് സുഹൃത്ത് എന്റിക് മാര്‍ക്വേസിനെയാണ് എഫ്ബിഐ അറസ്റ്റ് ചെയ്തത്.സയിദ് റിസ്‌വാന്‍ ഫാറൂഖിന്റെ സുഹൃത്തായ 24കാരനായ ആക്രമണത്തില്‍ മാര്‍ക്വേസ് നേരിട്ട് പങ്കെടുത്തിട്ടില്ലെന്നും, തീവ്രവാദികള്‍ക്ക് രണ്ടുതോക്കുകള്‍ വാങ്ങിനല്‍കിയത് ഇയാളാണെന്നും എഫ്ബിഐ വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബര്‍ രണ്ടിനായിരുന്നു തഷ്‌വീന്‍ മാലിക്, അമേരിക്കക്കാരനായ ഭര്‍ത്താവ് സയിദ് റിസ്‌വാന്‍ ഫാറൂഖ് എന്നിവരടക്കം മൂന്നുപേര്‍ സൈനികവേഷത്തിലെത്തി ദക്ഷിണ കാലിഫോര്‍ണിയയിലെ സാന്‍ ബെര്‍നാര്‍ഡിനോയില്‍ ഭിന്നശേഷിക്കാര്‍ക്കായി നടത്തുന്ന സ്ഥാപനത്തിന്റെ റീജണല്‍ സെന്ററില്‍ വെടിവെപ്പ് നടത്തിയത്. ആക്രമണത്തില്‍ 14പേര്‍ കൊല്ലപ്പെടുകയും 17ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണം നടത്തിയശേഷം വാഹനത്തില്‍ രക്ഷപ്പെട്ട ഇവര്‍ പിന്നീട് പൊലീസുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ വെടിവെപ്പ് ഭീകരാക്രമണമാണെന്നും, ആക്രമണം നടത്തിയ പാകിസ്താന്‍ വംശജയായ തഷ്‌വീന്‍ മാലിക്കിന് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നും എഫ്ബിഐ സൂചിപ്പിരുന്നു. ഇതിന് പിന്നാലെയാണ് ആയുധം എത്തിച്ചുനല്‍കിയ യുവാവ് പിടിയിലാവുന്നത്.