വിവാദ സിഡി കണ്ടെത്താനുള്ള സംഘം കോയമ്പത്തൂരില്‍; സിഡി സ്വര്‍ണപ്പണിക്കാരി സെല്‍വിയുടെ കൈവശമെന്ന് ബിജു

സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരായ തെളിവ് അടങ്ങിയ സിഡി കണ്ടെത്താന്‍ പ്രതി ബിജു രാധാകൃഷ്ണനും ഉദ്യോഗസ്ഥ സംഘവും കോയമ്പത്തൂരിലെത്തി.  കോയമ്പത്തൂരിലെ സെല്‍വപുരത്ത് സംഘം എത്തി. സെല്‍വപുരത്തുള്ള സ്വര്‍ണപ്പണിക്കാരി സെല്‍വിയുടെ കൈവശമാണ് സിഡിയെന്ന് ബിജു രാധാകൃഷ്ണന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇതനുസരിച്ച് സെല്‍വിപുരം കോളനിയില്‍ സെല്‍വിക്കായി പൊലീസ് തെരച്ചില്‍ നടത്തി. എന്നാല്‍ ബിജു പറഞ്ഞ സെല്‍വിയെ അറിയില്ലെന്നും ബിജു രാധാകൃഷ്ണനെ അറിയാമെന്നും നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു.

പിന്നീട് മറ്റൊരു സ്ഥലത്തേക്ക് പോയ അന്വേഷണ സംഘം സെല്‍വിയെ കണ്ടു. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഗോവിന്ദരാജപുരം എന്ന സ്ഥലത്തേക്ക് പോയി. ഭര്‍ത്താവ് ചന്ദ്രനെ തേടിയാണ് സംഘം ഗോവിന്ദരാജ പുരത്തേക്ക് പോയത്.

അതേസമയം, സെല്‍വി ബിജു രാധാകൃഷ്ണന്റെ അകന്ന ബന്ധുവാണെന്നാണ് തന്റെ അറിവെന്ന് സരിത എസ് നായര്‍ പറഞ്ഞു. കോടതിയില്‍ വെച്ച് ഒരു പ്രാവശ്യം കണ്ടിട്ടുണ്ടെന്നും സരിത പറഞ്ഞു.

കോയമ്പത്തൂരിലുള്ള ഒരു വ്യക്തിയുടെ കയ്യിലാണ് സിഡിയെന്നാണ് ബിജു നേരത്തെ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ രണ്ടര വര്‍ഷമായി ഇയാളുമായി ബന്ധമില്ലെന്നും ബിജു പറഞ്ഞിരുന്നു. തെളിവുമായി മാത്രമേ തിരികെ വരൂ എന്ന് യാത്ര പുറപ്പെടും മുമ്പ് ബിജു രാധാകൃഷ്ണന്‍ പറഞ്ഞു.

ഉച്ചക്ക് 3.15 ന് സോളാര്‍ ആസ്ഥാനത്ത് നിന്നുമാണ് യാത്ര തുടങ്ങിയത്. കെ എല്‍ 39 എ 2851 എന്ന സൈലോ കാറിലാണ് യാത്ര. മൂന്ന് ഉദ്യോഗസ്ഥരും രണ്ട് പൊലീസുകാരും ബിജു രാധാകൃഷ്ണനോടൊപ്പം ഉണ്ട്. ഡിവൈഎസ്പി നേതൃത്വത്തിലുള്ള പൊലീസ് സംഘവും ബിജുവിനെ വഹിച്ചുകൊണ്ടുള്ള വാഹനത്തിന് കൂടുതല്‍ സുരക്ഷയൊരുക്കി ഇവരോടൊപ്പമുണ്ട്.

തെളിവുകള്‍ തന്റെ കൈയ്യിലുണ്ടെന്നും ഈ കാര്യത്തില്‍ താന്‍ കളളം പറഞ്ഞിട്ടില്ലെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. ആരെയും കബളിപ്പിക്കുക തന്റെ ഉദ്യേശ്യമല്ലെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. അതേസമയം, മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കാന്‍ നഗരത്തിലെ ഊടുവഴികളിലുടെ ചുറ്റിക്കറങ്ങിയാണ് ബിജുവുമായി സംഘം യാത്ര തുടങ്ങിത്.

തെളിവ് കണ്ടെടുക്കാന്‍ പോകുമ്പോള്‍ അഭിഭാഷകന്റെ സഹായം വേണമെന്ന ബിജു രാധാകൃഷ്ണന്റെ ആവശ്യം സോളാര്‍ കമ്മിഷന്‍ തള്ളിയിരുന്നു. ഒപ്പം പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് ഫോണ്‍ വിളിക്കാനോ എസ്എംഎസ് അയക്കാനോ അനുവാദം ഉണ്ടായിരിക്കുന്നതല്ല. തെളിവ് കണ്ടെടുക്കാന്‍ സഹായിക്കുന്ന ആള്‍ക്കെതിരെ നിയമനടപടി ഉണ്ടാകില്ലെന്നും കമ്മിഷന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.