സോളാര്‍ കേസ്;ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കാന്‍ സരിത എസ് നായര്‍ക്ക് കമ്മീഷന്റെ അനുമതി; മൂന്നാംവട്ട വിസ്താരത്തിന് കമ്മീഷന് മുന്നില്‍ ഉമ്മന്‍ചാണ്ടി

കൊച്ചി: സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരിട്ട് വിസ്തരിക്കാന്‍ പ്രതി സരിത എസ് നായര്‍ക്ക് സോളാര്‍ കമ്മീഷന്‍ അനുമതി നല്‍കി. ഉമ്മന്‍ചാണ്ടിയെ നേരിട്ടു വിസ്തരിക്കണമെന്നാവശ്യപ്പെട്ടു സരിത നല്‍കിയ അപേക്ഷ കമ്മീഷന്‍ അംഗീകരിക്കുകയായിരുന്നു.ഉമ്മന്‍ചാണ്ടി വിയോജിച്ചാലും അദ്ദേഹത്തിനെതിരായ ആക്ഷേപങ്ങള്‍ നിലനില്‍ക്കുമെന്ന് സരിത പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ എല്ലാം തെളിയുമെന്നാണു പ്രതീക്ഷയെന്നു സരിത മാധ്യമങ്ങളോടു പ്രതികരിച്ചു.മൂന്നാംവട്ട വിസ്താരത്തിനായി ഉമ്മന്‍ചാണ്ടി സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരായി. കേസില്‍ കക്ഷി ചേര്‍ന്നവര്‍ക്ക് ഇന്ന് ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കാന്‍ കമ്മീഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. അറസ്റ്റിലാകും മുമ്പ് സരിതയെ പരിചയമില്ലെന്ന് സോളാര്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ശിവരാജന്‍ മുമ്പാകെ ഉമ്മന്‍ചാണ്ടി ബോധിപ്പിച്ചു. എംപി അബ്ദുള്ളക്കുട്ടിക്കെതിരെ സരിത നല്‍കിയ ലൈംഗികാരോപണ പരാതിയെ കുറിച്ച് അറിയാമെന്ന് ഉമ്മന്‍ചാണ്ടി കമ്മീഷന് മൊഴി നല്‍കി. പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വെളിപ്പെടുത്താനാവില്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. മല്ലേലില്‍ ശ്രീധരന്‍ നായരുടെ മൊഴിയിലും പരാതിയിലും തന്റെ പേരില്ലെന്നു അദ്ദേഹം പറഞ്ഞു. അതേസമയം, എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സരിത നല്‍കിയ പരാതിയെക്കുറിച്ചു അറിയാമെന്നും എന്നാല്‍ അതിന്മേലുള്ള സര്‍ക്കാര്‍ നടപടി എന്തായിരുന്നെന്നു അറിയില്ലെന്നും ഉമ്മന്‍ചാണ്ടി മൊഴി നല്‍കി.2015ല്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് സോളാര്‍ കമ്മീഷന് മുമ്പാകെ ആദ്യമായി വിസ്താരത്തിന് ഉമ്മന്‍ചാണ്ടി ഹാജരായത്. പിന്നീട് കഴിഞ്ഞ മാസം കൊച്ചിയിലെ കമ്മീഷന്‍ ഓഫീസില്‍ മുന്‍മുഖ്യമന്ത്രി രണ്ടാം വട്ട വിസ്താരത്തിനും ഹാജരായിരുന്നു.

© 2024 Live Kerala News. All Rights Reserved.