ഉമ്മന്‍ചാണ്ടി വീണ്ടും സോളാര്‍ കമ്മീഷനില്‍;പറയാനുള്ള കാര്യങ്ങള്‍ നേരത്തെ തന്നെ പറഞ്ഞതാണ്;പുതിയതൊന്നും പറയാനില്ല; വീണ്ടും വിളിച്ചപ്പോള്‍ വന്നെന്നും ഉമ്മന്‍ചാണ്ടി

കൊച്ചി: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സോളാര്‍ കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന്‍ അധ്യക്ഷനായ അന്വേഷണ കമ്മീഷന്‍ മുന്‍പാകെ ഹാജരായി. രണ്ടാം തവണയാണ് ഉമ്മന്‍ചാണ്ടി വീണ്ടും കമ്മീഷനു മുന്നിലെത്തുന്നത്.പറയാനുള്ള കാര്യങ്ങള്‍ സോളാര്‍ കമീഷനോട് നേരത്തെ തന്നെ പറഞ്ഞതാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇപ്പോള്‍ വീണ്ടും വിളിച്ചു, അതുകൊണ്ട് വീണ്ടും വന്നുവെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. അറിയാവുന്ന എല്ലാ കാര്യങ്ങളും പറയും. മുന്‍പ് പറഞ്ഞതല്ലാതെ പുതിയതൊന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.സോളാര്‍ കമീഷനില്‍ ഹാജരായപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.മുഖ്യമന്ത്രിയായിരിക്കെ ജനുവരി 25ന് ഉമ്മന്‍ചാണ്ടിയെ തിരുവനന്തപുരത്ത് എത്തി കമ്മീഷന്‍ 14 മണിക്കൂറോളം മൊഴിയെടുത്തിരുന്നു. എന്നാല്‍, ഇക്കുറി കമീഷന്‍ ആസ്ഥാനത്ത് ഹാജരാകാന്‍ ഉമ്മന്‍ ചാണ്ടിക്ക് നോട്ടീസ് നല്‍കുകയായിരുന്നു.അതേസമയം, സരിത എസ്. നായര്‍ തുടര്‍ച്ചയായി അവധി അപേക്ഷ നല്‍കി പ്രകോപിപ്പിച്ചതോടെ ഇനി സരിതയുടെ മൊഴി വേണ്ടെന്ന് അന്വേഷണ കമ്മീഷന്‍ തീരുമാനിച്ചു. തനിക്ക് ചില പുതിയ കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും ഒരവസരംകൂടി നല്‍കണമെന്നും സരിതതന്നെയാണ് ആവശ്യപ്പെട്ടിരുന്നത്. ഇതനുസരിച്ച് കഴിഞ്ഞ 19ന് മൊഴി നല്‍കാന്‍ സരിതക്ക് തീയതി നല്‍കി. എന്നാല്‍, അന്ന് അഭിഭാഷകന്‍ മുഖേന അവധിക്ക് അപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് മൊഴി നല്‍കാന്‍ വ്യാഴാഴ്ച നിശ്ചയിക്കുകയും ഇത് അവസാന അവസരമാണെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. പക്ഷേ, വ്യാഴാഴ്ചയും സരിത അവധി അപേക്ഷ നല്‍കുകയായിരുന്നു.ഉമ്മന്‍ ചാണ്ടി മൊഴി നല്‍കിയശേഷം അതില്‍നിന്ന് ലഭിക്കുന്ന കാര്യങ്ങള്‍കൂടി ചേര്‍ത്ത് മൊഴി നല്‍കാനുള്ള തന്ത്രമാണ് സരിതയുടേതെന്ന ധാരണ അഭിഭാഷകര്‍ക്കിടയിലും മറ്റും പരക്കുകയും ചെയ്തു. ഇതിനിടെയാണ് സരിതക്ക് ഇനിയൊരു അവസരം നല്‍കേണ്ടതില്ലെന്ന് കമീഷന്‍ തീരുമാനിച്ചത്.സരിതയെ 18 തവണയാണ് വിസ്തരിച്ചത്. ഓരോ വിസ്താരത്തിന് മുമ്പും പലതവണ അവധി അപേക്ഷ നല്‍കിയും തീയതി മാറ്റിയും വിസ്താരത്തിനിടെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചുമൊക്കെ സരിത മൊഴി നല്‍കല്‍ പരമാവധി വലിച്ചിഴക്കുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.