ആദ്യ സോളാര്‍ കേസ്;സരിത എസ്. നായര്‍ക്കും ബിജു രാധാകൃഷ്ണനും 3 വര്‍ഷം തടവുശിക്ഷ; നടി ശാലു മേനോനെയും അമ്മയെയും ടീം സോളറിന്റെ ഒരു ജീവനക്കാരനെയും വെറുതെ വിട്ടു

പെരുമ്പാവൂര്‍: സോളാര്‍ തട്ടിപ്പിലെ ആദ്യ കേസില്‍ സരിത എസ്. നായര്‍ക്കും ബിജു രാധാകൃഷ്ണനും മൂന്നുവര്‍ഷം തടവും 10,000 രൂപ വീതം പിഴയും ശിക്ഷ. കേസില്‍ ആരോപണവിധേയരായ നടി ശാലു മേനോനെയും ശാലുമേനോന്റെ അമ്മ കലാദേവി, ടീം സോളാറിലെ ജീവനക്കാരനായ മണിമോന്‍ എന്നിവരെ വെറുതേവിട്ടു. തെളിവുകളുടെ അഭാവത്തിലാണ് ഇവരെ വെറുതെ വിട്ടത്.പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണ് വിധി. വഞ്ചാനാകുറ്റമാണ് ഇവരുടെ മേല്‍ ചുമത്തിയിരുന്നത്. 40 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. പെരുമ്പാവൂര്‍ മുടിക്കലിലെ സജാദില്‍ നിന്ന് സോളാര്‍ സംവിധാനങ്ങള്‍ ഒരുക്കി നല്‍കാമെന്ന് പറഞ്ഞ് 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.സോളാറുമായി ബന്ധപ്പെട്ടുണ്ടായ ആദ്യ പരാതിയായിരുന്നു ഇത്. ഈ പരാതിയിലാണ് സരിത അറസ്റ്റിലാകുന്നതും. പിന്നാലെ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയതായുളള പരാതികള്‍ ഇവര്‍ക്കെതിരെ ഉയരുന്നതും. സോളാറുമായി ബന്ധപ്പെട്ട് നടി ശാലുമേനോന്റെ പേരില്‍ രണ്ടുകേസുകളാണ് ഉണ്ടായിരുന്നത്.