പരോള്‍ അനുവദിക്കുന്നില്ലെന്ന് ബിജു രാധാകൃഷ്ണന്‍; മനുഷ്യാവകാശ കമ്മീഷന്‍ വിശദീരണം തേടി

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ ശിക്ഷ അനുഭവിക്കുന്ന മുഖ്യ പ്രതിയായ ബിജു രാധാകൃഷ്ണന്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. പരോള്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഇതേ തുടര്‍ന്ന് ജയില്‍ ഡിജിപിയോട് മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടു.

ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിനു ജീവപര്യന്തം തടവ് അനുഭവിക്കുകയാണ് ബിജു രാധാകൃഷ്ണന്‍. അടുത്തിടെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്നു ഗുരുതര രോഗികളായ തടവുകാരുടെ പട്ടിക തയാറാക്കുന്ന മെഡിക്കല്‍ ബോര്‍ഡിന് മുന്‍പില്‍ ബിജുവിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ബിജുവിന് രോഗങ്ങള്‍ ഉള്ളതായി പരിശോധനയില്‍ കണ്ടെത്തിയില്ല.

വിവിധ കേസുകള്‍ക്കായി കോടതിയില്‍ എത്തിക്കുമ്പോഴെല്ലാം തനിക്കു മാരക രോഗങ്ങളുണ്ടെന്നു ബിജു രാധാകൃഷ്ണന്‍ പരാതിപ്പെട്ടിരുന്നു. വയറുവേദന, കാല്‍മുട്ടുവേദന തുടങ്ങിയ അസുഖങ്ങള്‍ക്കാണ് ബിജുവിനെ മുന്‍പ് ആശുപത്രികളില്‍ എത്തിച്ചിട്ടുള്ളത്. രോഗമുണ്ടെന്നു തുടര്‍ച്ചയായി പരാതിപ്പെടുന്നതിനാലാണു മെഡിക്കല്‍ ബോര്‍ഡിനു നല്‍കിയ പട്ടികയില്‍ ബിജുവിനെയും ഉള്‍പ്പെടുത്തിയതെന്നായിരുന്നു ജയില്‍ അധികൃതരുടെ വിശദീകരണം.