മുഖ്യമന്ത്രിക്കെതിരായ ലൈംഗിക ആരോപണം: സിഡികള്‍ പിടിച്ചെടുക്കാന്‍ സോളാര്‍ കമ്മിഷന്റെ പ്രത്യേക സംഘം കോയമ്പത്തൂരില്‍; നാല് സെറ്റ് സിഡികളുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍

കൊച്ചി: മുഖ്യമന്ത്രിക്കെതിരായ ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ട സിഡികള്‍ പിടിച്ചെടുക്കുവാന്‍ സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനുമായി പ്രത്യേക സംഘം കോയമ്പത്തൂരിലെത്തി.  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം ആറു പേര്‍ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മിഷന് മുമ്പില്‍ സിഡികളില്ലാതെയാണ് ഇന്ന് ഹാജരായത്. സിഡികള്‍ കേരളത്തിന് പുറത്താണെന്നും മൂന്ന് പകര്‍പ്പുകളുണ്ടെന്നും ബിജു കമ്മിഷനില്‍ മൊഴി നല്‍കി. തെളിവുകള്‍ ഇന്ന് തന്നെ നല്‍കാമെന്നും കാറില്‍ പോകാനനുവദിച്ചാല്‍ പത്ത് മണിക്കൂറിനകം ഹാജരാക്കാമെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ തെളിവുകള്‍ ഹാജരാക്കുന്നത് വൈകിപ്പിക്കാനാവില്ലെന്ന് അറിയിച്ച കമ്മിഷന്‍ തുടര്‍ന്ന് സിഡികള്‍ പിടിച്ചെടുക്കുവാന്‍ തീരുമാനിക്കുക ആയിരുന്നു.

സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്കും മറ്റ് പ്രമുഖര്‍ക്കും എതിരായ ശക്തമായ ആരോപണമാണ് ബിജു ഉന്നയിച്ചിട്ടുളളതെന്നും അത് തെളിയിക്കാന്‍ ഉപോല്‍ബലകമായ തെളിവുകളായ സിഡികള്‍ രാജ്യത്ത് എവിടെ നിന്നാണെങ്കിലും സാക്ഷി മുഖേന തെളിവ് കമ്മീഷന് മുമ്പില്‍ എത്തിക്കാന്‍ അധികാരമുണ്ടെന്നും വ്യക്തമാക്കിയ കമ്മീഷന്‍ ഇതിന് കേന്ദ്രനിയമം അനുവദിക്കുന്നുണ്ടെന്നും പറഞ്ഞു. തുടര്‍ന്നാണ് സോളാര്‍ കമ്മീഷന്റെ അഭിഭാഷകനും, ബിജു രാധാകൃഷ്ണനും നാലുപൊലീസുകാരും ഉള്‍പ്പെട ആറംഗസംഘവുമായി യാത്ര ആരംഭിച്ചത്.

രണ്ടര വര്‍ഷമായി ബന്ധമില്ലാത്തയാളുടെ കൈവശമാണ് സിഡിയുള്ളതെന്ന് വ്യക്തമാക്കിയ ബിജു രാധാകൃഷ്ണന്‍ യാത്രയ്ക്ക് മുന്നോടിയായി ചില ഉപാധികളും മുന്നോട്ട് വെച്ചിരുന്നു. സിഡി സൂക്ഷിച്ചയാള്‍ക്കെതിരെ നടപടിയുണ്ടാകരുത്. സിഡി കണ്ടെടുക്കുന്ന സംഘത്തില്‍ തന്റെ അഭിഭാഷകനെയും ഉള്‍പ്പെടുത്തണം. സംഘത്തില്‍ ഉള്‍പ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പക്കലുള്ള മൊബൈല്‍ ഫോണുകള്‍ വാങ്ങിവെക്കണം എന്നിങ്ങനെ ആയിരുന്നു അവ. എന്നാല്‍ മൊബൈല്‍ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയും, ബിജുവിന്റെ അഭിഭാഷകനെ കൂടെ കൊണ്ടുപോകില്ലെന്നും കമ്മീഷന്‍ അറിയിച്ചിരുന്നു. ബിജുവിന്റെ അഭിഭാഷകരെ മാറ്റിനിര്‍ത്തിയെടുത്ത മൊഴിയില്‍ തെളിവിനായി പോകുന്ന സ്ഥലവും, മറ്റു നടപടികളും രഹസ്യമാക്കി വച്ചിരിക്കുകയാണ്. കമ്മീഷന്‍ അഭിഭാഷകന് മാത്രമെ ഇക്കാര്യങ്ങള്‍ എന്തെന്ന് വ്യക്തമായി അറിയുകയുള്ളു.

മുഖ്യമന്ത്രിയും രണ്ടു മന്ത്രിമാരും ഉള്‍പ്പെടെ ആറുപേര്‍ക്ക് എതിരെയാണ് ബിജു രാധാകൃഷ്ണന്‍ ഗുരുതരമായ ലൈംഗിക ആരോപണങ്ങള്‍ നേരത്തെ ഉന്നയിച്ചത്. കൂടാതെ സോളാര്‍ ഇടപാടുകളുമായി ബന്ധപ്പെട്ട് അഞ്ചരക്കോടി രൂപ മുഖ്യമന്ത്രിക്ക് കോഴ നല്‍കിയെന്നും ബിജു രാധാകൃഷ്ണന്‍ ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന് മൊഴി നല്‍കിയിരുന്നു. ലൈംഗിക ആരോപണങ്ങളുമായി ബന്ധപ്പെട്ട സിഡികള്‍ ഇന്ന് ഹാജരാക്കണമെന്നാണ് സോളാര്‍ കമ്മീഷന്‍ ബിജുവിന് നല്‍കിയ നിര്‍ദേശം. ഇതിനിടെയാണ് ബിജുവിനെ ജയിലില്‍ എത്തി അഭിഭാഷകന്‍ കണ്ടതും, മൊഴി മാറ്റിപ്പറഞ്ഞേക്കും എന്നുളള സൂചനകള്‍ ലഭിച്ചതും.

നിലവില്‍ നല്‍കിയ മൊഴിയില്‍ വീണ്ടും ആരുടെയെങ്കിലും പേര് ഉള്‍പ്പെടുത്തുകയോ, പിന്‍വലിക്കുകയോ ചെയ്താല്‍ എന്തു നടപടിയാണ് ഉണ്ടാകുന്നതെന്ന് രശ്മി വധക്കേസിലെ അഭിഭാഷകന്‍ കൂടിയായ അഡ്വ.ബി.എന്‍.ഹസ്‌ക്കറിനോട് ബിജു രാധാകൃഷ്ണന്‍ ആരാഞ്ഞത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി,  മന്ത്രിമാരായ ഷിബു ബേബി ജോണ്‍. എ.പി. അനില്‍ കുമാര്‍, ഹൈബി ഈഡന്‍ എം.എല്‍.എ, ആര്യാടന്‍ ഷൗക്കത്ത്, അനില്‍കുമാറിെന്റ പി.എ നസറുല്ല എന്നിവര്‍ സരിതയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ തന്റെ കൈയിലുണ്ടെന്നും ആവശ്യപ്പെട്ടാല്‍ ഹാജരാക്കാന്‍ തയാറാണ് എന്നുമാണ് സോളാര്‍ കമീഷന്‍ മുമ്പാകെ മൊഴി നല്‍കവെ ഡിസംബര്‍ രണ്ടിന് ബിജു രാധാകൃഷ്ണന്‍ അവകാശപ്പെട്ടത്. തുടര്‍ന്ന് മൂന്നിന് ഈ തെളിവുകള്‍ ഹാജരാക്കാന്‍ കമീഷന്‍ ഉത്തരവിട്ടു. തെളിവ് ഹാജരാക്കാന്‍ ബിജു 15 ദിവസം ആവശ്യപ്പെട്ടെങ്കിലും ഒരാഴ്ച മാത്രമാണ് കമീഷന്‍ അനുവദിച്ചത്.

courtesy : southlive.in

© 2024 Live Kerala News. All Rights Reserved.