വിമോചനസമരകാലത്ത് പാകിസ്ഥാന് വേണ്ടി പ്രവര്‍ത്തിച്ചു; ജമാഅത്തെ ഇസ്ലാമി നേതാവ് ഉള്‍പ്പെടെ രണ്ട് പേരെ ബംഗ്ലാദേശില്‍ തൂക്കിക്കൊന്നു

ധാക്ക: രാജ്യത്തിനെതിരെ നീങ്ങുന്നവരെ എത്രകാലം കഴിഞ്ഞാലും ശിക്ഷയ്ക്ക് വിധേയമാക്കുമെന്ന ബംഗ്ലാദേശ് സര്‍ക്കാറിന്റെ മുന്നറിയിപ്പിന് പിന്നാലെ വിമോചന സമരകാലത്ത് പാകിസ്താന്‍ സൈന്യവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന് രണ്ട് നേതാക്കളെ ബംഗ്ലാദേശ് വധിച്ചു. വധശിക്ഷക്ക് മുമ്പ് ഇരുവര്‍ക്കും ബന്ധുക്കളെ കാണാന്‍ ബംഗ്ലാദേശ് ഭരണകൂടം അവസരമൊരുക്കി.1971 ല്‍ സമരസേനാനികളെ കൂട്ടക്കൊല നടത്തിയ കേസിലാണ് ഇവരെ ബംഗ്ലാദേശ് ഭരണകൂടം തൂക്കിലേറ്റിയത്. ശനിയാഴ്ച രാത്രി 12.55 ന് ധാക്ക സെന്‍ട്രല്‍ ജയിലില്‍ വച്ച്് വധശിക്ഷ നടപ്പാക്കി്. ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ജനറല്‍ അലി അഹ്‌സന്‍ മുഹമ്മദ് മുജാഹിദ് , ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി നേതാവ് സലാവുദ്ദീന്‍ ഖാദര്‍ ചൗധരിഎന്നിവരെയാണ് വധശിക്ഷക്ക് വിധേയരാക്കിയത്. കഴിഞ്ഞ ബുധനാഴ്ച ഇവരുടെ റിവ്യൂ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ശനിയാഴ്ച പ്രസിഡന്റ് ദയാഹര്‍ജി കൂടി തള്ളിയതോടെയാണ് ഇവരുടെ ശിക്ഷ അതിവേഗംതന്നെ നടപ്പാക്കിയത്. ചിറ്റഗോങിലെ കുന്നിന്‍ മുകളില്‍ സമരസേനാനികളെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അന്താരാഷ്ട്ര കോടതി 2013 ലാണ് മുന്‍ മന്ത്രികൂടിയായ സലാവുദ്ദീന്‍ ഖാദറിന് വധശിക്ഷ വിധിച്ചത്. സമരകാലത്ത് പത്രപ്രവര്‍ത്തകരേയും ശാസ്ത്രജ്ഞരേയും ബുദ്ധിജീവികളേയും മറ്റും കൂട്ടക്കൊല ചെയ്യാന്‍ പദ്ധതിയിട്ടതിനാണ് അലി അഹ്‌സന്‍ മുഹമ്മദ് മുജാഹിദിന് 2013 ജൂലൈ 17 ന് അന്താരാഷ്ട്രകോടതി വധശിക്ഷ വിധിച്ചത്. ഹിന്ദുക്കളുടെ കൂട്ടക്കൊലക്കും ഇയാള്‍ ഉത്തരവാദിയാണെന്ന് കണ്ടെത്തി. ബീഗം ഖാലിദാസിയയുടെ മന്ത്രിസഭയിലെ അംഗമായിരുന്നു മുജാഹിദ്. ബംഗ്ലാദേശില്‍ നടന്ന ആക്രമണങ്ങളിലും കലാപങ്ങളിലും കൂട്ടക്കൊലകളിലും നേതാക്കളുടെ പങ്ക് വ്യക്തമാണെന്ന് കോടതി വിലയിരുത്തി.