ബംഗ്ളാദേശിൽ മണ്ണിടിച്ചിലിൽ 12 മരണം; നിരവധി പേരെ കാണാനില്ല

ശക്തമായ മഴയെ തുടര്‍ന്നുള്ള മണ്ണിടിച്ചിലില്‍ ബംഗ്ലാദേശിലെ രംഗമതി, കോക്‌സ് ബാസാര്‍ എന്നിവിടങ്ങളിൽ 12 പേര്‍ മരിച്ചു. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. രംഗമതിയിലെ അഞ്ച് ഗ്രാമങ്ങളിലായി 11 പേരും കോക്‌സ് ബാസാറില്‍ ഒരാളുമാണ് മരിച്ചത്. നിരവധി പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്.

അനവധി വീടുകള്‍ തകര്‍ന്നു. ധര്‍മാചരോണ്‍ പാറയില്‍ ഒരു കുടുംബത്തിലെ നാല് പേരാണ് മരിച്ചത്. ഇതില്‍ 2 മാസം പ്രായമായ കുഞ്ഞും ഉള്‍പ്പെടുന്നു.ഈ പ്രദേശങ്ങളില്‍ കൂടുതല്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നാണ് മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ടമെന്റ് അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിലുണ്ടായ മണ്ണിടിച്ചിലില്‍ 170 പേരാണ് മരിച്ചത്. ഇതില്‍ 120 പേര്‍ രംഗമതിയിലായിരുന്നു.