ഇന്ത്യന്‍ ടീമിനെ മൊട്ടയടിച്ച് പരിഹസിച്ച് ബംഗ്ലാദേശി പത്രം

 

ധാക്ക: ഇന്ത്യയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച ബംഗ്ലാദേശിന് മാനക്കേടായി പത്രപ്പരസ്യം. പരമ്പര നഷ്ടപ്പെട്ട ഇന്ത്യന്‍ ടീമിനെ മാന്യതയുടെ പരിധി വിട്ട് പരിഹസിച്ച് കൊണ്ട് ഒരു പത്രം നല്‍കിയ പരസ്യമാണ് രാജ്യത്തിന് മൊത്തം നാണക്കേടായത്. ഇന്ത്യന്‍ ടീമംഗങ്ങളെ പകുതി മൊട്ടയടിച്ച നിലയില്‍ കാണിക്കുന്ന ഒരു പേപ്പര്‍ കട്ടറിന്റെ പരസ്യമാണ് പ്രൊതം അലൊ എന്ന പത്രം പ്രസിദ്ധീകരിച്ചത്. ഇന്ത്യന്‍ ടീമിനൊപ്പം പരമ്പരയില്‍ ഇന്ത്യയെ കശക്കിയെറിഞ്ഞ നവാഗത ബൗളര്‍ മുസ്തഫിസുര്‍ റഹ്മാന്‍ ഒരു കട്ടര്‍ കൈയിലേന്തിനില്‍ക്കുന്നുമുണ്ട് പരസ്യത്തില്‍. ഞങ്ങള്‍ ഇത് ഉപയോഗിച്ചു, നിങ്ങള്‍ക്കും ഇത് ഉപയോഗിക്കാം എന്ന ബാനര്‍ ഉയര്‍ത്തിയാണ് പാതി വടിച്ച തലയുമായി ധോനിയും രഹാനെയും കോലിയും അശ്വിനും ധവാനും അടങ്ങുന്ന ഇന്ത്യന്‍ ടീം നില്‍ക്കുന്നത്.