പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിന് തുടക്കമായി. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും മോദിക്കൊപ്പം ദ്വിദിന സന്ദര്‍ശനത്തിായി ധാക്കയിലെത്തി. തലസ്ഥാനമായ ധാക്കയിലെത്തിയ മോദി ബംഗ്ലാദേശിന്റെ ഔപചാരിക സ്വീകരണം ഏറ്റുവാങ്ങി.
ദേശീയ രക്തസാക്ഷി സ്മാരകവും വംഗബന്ധു മെമ്മോറിയല്‍ മ്യൂസിയവും മോദി സന്ദര്‍ശിക്കും. തുടര്‍ന്ന് മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീനയും പശ്ചമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ചേര്‍ന്ന് ഭാരതബംഗ്ലാദേശ് ബസ് സര്‍വ്വീസ് ഫല്‍ഗ് ഓഫ് ചെയ്യും. കൊല്‍ക്കത്ത-ധാക്കഅഗര്‍ത്തല, ധാക്കഗുവാഹത്തിഷില്ലോങ്ങ് ബസ് സര്‍വ്വീസുകള്‍ക്കാണ് ഇന്ന് തുടക്കമാകുന്നത്. ഭാരതബംഗ്ലാദേശ് അതിര്‍ത്തി പുനര്‍നിര്‍ണ്ണയ കരാറിന് ഇന്ന് നടക്കുന്ന ഷെയ്ക് ഹസീനമോദി കൂടിക്കാഴ്ചയോടെ അന്തിമ അംഗീകാരമാകുമെന്ന് കേന്ദ്രവിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍ അറിയിച്ചു. മോദിഷെയ്ക്ക് ഹസീന ചര്‍ച്ചയ്ക്ക് ശേഷം ഭാരതം ബംഗ്ലാദേശില്‍ ആരംഭിക്കുന്ന നിരവധി പദ്ധതികളുടെ കല്ലിടീല്‍ ചടങ്ങുകളും മോദി നിര്‍വഹിക്കും. തുടര്‍ന്ന് ഇരുരാഷ്ട്ര നേതാക്കളും സംയുക്ത പ്രസ്താവന പുറത്തിറക്കും. വൈകിട്ട് ഷെയ്ക് ഹസീനയുടെ ആതിഥേയത്വത്തില്‍ അത്താഴവിരുന്നുമുണ്ട്. നാളെ ധാക്കയിലെ ധാക്കേശ്വരി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന മോദി രാമകൃഷ്ണ മിഷനിലും സന്ദര്‍ശനം നടത്തുന്നുണ്ട്. തുടര്‍ന്ന് ധാക്കയില്‍ ഭാരതം നിര്‍മ്മിച്ച ഉന്നതനീതിന്യായ കോടതി കോംപ്ലക്‌സിലും മോദി സന്ദര്‍ശനം നടത്തും. ഉച്ചയ്ക്ക് ശേഷം ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് അബ്ദുള്‍ ഹമീദുമായും മോദി കൂടിക്കാഴ്ച നടത്തും. ബംഗ്ലാദേശ് പ്രതിപക്ഷ നേതാവ് ബീഗം റോഷന്‍ എര്‍ഷാദ്, മുന്‍ പ്രധാനമന്ത്രി ഖലീദ സിയ, ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍, വ്യാവസായിക പ്രതിനിധികള്‍, ബംഗ്ലാദേശിലെ ഇടതുപാര്‍ട്ടി നേതാക്കള്‍ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതാകും മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനമെന്ന് വിദേശകാര്യസെക്രട്ടറി പറഞ്ഞു. അതിര്‍ത്തി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നത് ഭാരതത്തിന് വലിയ നേട്ടമാണ്. ഇതു കൂടുതല്‍ വിശ്വാസവും സമാധാനവും വളര്‍ത്തും. അതിര്‍ത്തികടന്നുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അവസാനം കാണാന്‍ ഇതുവഴി കഴിയുന്നു. മനുഷ്യക്കടത്ത്, കള്ളനോട്ട്, മയക്കുമരുന്ന്, ആളുകളുടെ അനധികൃത കടന്നുകയറ്റം എന്നിവയെല്ലാം അതിര്‍ത്തി ഭദ്രമാകുന്നതോടെ അവസാനിക്കും, ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആക്ട് ഈസ്റ്റ് പോളിസി പ്രകാരമാണ് ബംഗ്ലാദേശ് സന്ദര്‍ശനമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു. അയല്‍രാജ്യങ്ങളുമായുള്ള ബന്ധം വര്‍ദ്ധിപ്പിക്കുന്നതും സന്ദര്‍ശനത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലകള്‍ക്ക് സന്ദര്‍ശനം വലിയ പ്രയോജനം ചെയ്യും. നരേന്ദ്രമോദിയുടെ സന്ദര്‍ശനം പ്രമാണിച്ച് ധാക്കയിലെ വീഥികളിലെല്ലാം ആഘോഷാന്തരീക്ഷമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മോദിയുടെ വലിയ കട്ടൗട്ടുകളും തോരണങ്ങളും വഴിനീളെയുണ്ട്.