ടാങ്കര്‍ ലോറിയിയുമായി കൂട്ടിയിടിച്ച കാറിന് തീപിടിച്ച് ഡ്രൈവര്‍ വെന്തുമരിച്ചു

ഹരിപ്പാട് : കല്‍ക്കരികയറ്റിയ ടാങ്കര്‍ ലോറിയിയുമായി കൂട്ടിയിടിച്ച കാറിന് തീപിടിച്ച് ഡ്രൈവര്‍ വെന്തുമരിച്ചു. മറ്റൊരു കാര്‍ യാത്രക്കാരന് ഗുരുതരമായ പരിക്കേറ്റു. .ദേശീയപാതയില്‍ ചേപ്പാട് ജങ്ഷന് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

കരുനാഗപ്പളളി മൈനഗപ്പള്ളി അജയഭവനത്തില്‍ അജയന്റെ മകന്‍ അജിത്ത് (22) ആണ് മരിച്ചത്. പ്രമുഖ അഭിഭാഷകന്‍ മൈനാകപ്പള്ളി വാഴയില്‍ തോമസ് വൈദ്യനാണ് (44) പരിക്കേറ്റത്.

കല്‍ക്കരിയുമായി വന്ന നാഷ്ണല്‍ പെര്‍മിറ്റ് ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ഉലഞ്ഞുപോയ ലോറിയില്‍ നിന്നും കാറിന് മീതെ കല്‍ക്കരി കൂമ്പാരമായി വീണു. ഇതിനിടെ നേരിയ തോതില്‍ പുക ഉയര്‍ന്നു. നിമിഷങ്ങള്‍ക്കകം തീ ആളിപ്പടരുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

21646_720633e34

ഹരിപ്പാട്ട് നിന്നും എത്തിയ അഗ്‌നിശമന സേന തീകെടുത്താന്‍ ശ്രമിച്ചു. തീ അണയ്ക്കാന്‍ കഴിഞ്ഞില്ലെങ്കിലും അടുത്ത വീടുകളിലേക്കും സമീപത്തുള്ള പള്ളിയുടെ ഭാഗത്തേക്കും തീ പടരുന്നത് ഒഴിവാക്കന്‍ കഴിഞ്ഞു. ഇതിനിടെ കായംകുളം മാവേലിക്കര എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ ഫോഴ്‌സ് സംഘമെത്തി. മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ അണച്ചത്.

അപകടത്തില്‍പ്പെട്ടപ്പോള്‍ തന്നെ തോമസ് വൈദ്യന്‍ കാറില്‍ നിന്നും തെറിച്ചുവീണു. അബോധാവസ്ഥയിലായിരുന്ന അദ്ദേഹത്തെ ഉടന്‍ ഹരിപ്പാട് ആസ്പത്രിയിലെത്തിച്ചു. അപ്പോഴും കാറിനുളളില്‍ ആളുണ്ടെന്ന് അറിഞ്ഞില്ല. ഡ്രൈവറേപ്പറ്റി പിന്നീട് അദ്ദേഹം ചോദിച്ചപ്പോഴാണ് കാറില്‍ കുടിങ്ങിപ്പോയ ആളിനെപ്പറ്റി അറിയുന്നത്. തുടര്‍ന്ന് പുലര്‍ച്ചേ മൂന്നരയോടെണാണ് അജിത്തിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ പുറത്തെടുക്കുന്നത്.

അപകടത്തെ തുടര്‍ന്ന് രണ്ട് മണിക്കൂറിലധികം ദേശീയപാതിയലില്‍ ഗതാഗതം തടസപ്പെട്ടു. ഹരിപ്പാട്ടും കായംകളത്തുമായി കിലോമീറ്ററുകളോളം വാഹനങ്ങള്‍ നിര്‍ത്തിയിടേണ്ടിവന്നു.