പ്രാണപ്രതിഷ്ഠ: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും രാമക്ഷേത്രത്തിലേക്ക് ഓണവില്ല് സമർപ്പിക്കും

തിരുവനന്തപുരം: അയോധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങുകളോടനുബന്ധിച്ച് കേരളത്തിൽ നിന്ന് ഓണവില്ല് സമർപ്പിക്കും. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നാണ് ഓണവില്ല് സമർപ്പിക്കുന്നത്. ഇന്ന് വൈകുന്നേരം ഇതുമായി ബന്ധപ്പെട്ട ചടങ്ങുകൾ ആരംഭിക്കുന്നതാണ്. പത്മനാഭസ്വാമി ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾക്ക് ഇന്ന് രാവിലെ മുതൽ ഓണവില്ല് കാണാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. പ്രാണപ്രതിഷ്ഠ ദിനത്തിലാണ് ഭഗവാന് ഓണവില്ല് സമർപ്പിക്കുക.

ഇന്ന് വൈകുന്നേരം 5:30-ന് ക്ഷേത്രത്തിലെ കിഴക്കേ നടയിൽ നടക്കുന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട്, ഭരണസമിതി അംഗങ്ങളായ അവിട്ടം തിരുനാൾ ആദിത്യ വർമ്മ, തുളസി ഭാസ്കരൻ, എക്സിക്യൂട്ടീവ് ഓഫീസർ ബി. മഹേഷ് എന്നിവർ ശ്രീരാമതീർത്ഥം ക്ഷേത്ര ട്രസ്റ്റിന്റെ കേരളത്തിലെ ചുമതലയുള്ളവർക്ക് ഓണവില്ല് കൈമാറും. ഓണവില്ല് പിന്നീട് ആയിരങ്ങളുടെ നാമ ജപത്തോടെ നഗരപ്രദക്ഷിണത്തിന് ശേഷം എറണാകുളം പാവക്കുളം ക്ഷേത്രത്തിലേക്ക് കൊണ്ടുപോകും. അവിടെ നിന്ന് ജനുവരി 21-ന് വിമാനം മാർഗമാണ് ഓണവില്ല് അയോധ്യയിൽ എത്തിക്കുക.

© 2024 Live Kerala News. All Rights Reserved.