ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാറിന് വിലക്ക് തുടരും; എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവ് മരവിപ്പിച്ചു

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാമെന്ന ഉത്തരവ് മരവിപ്പിച്ചു. ക്ഷേത്രത്തില്‍ തല്‍സ്ഥിതി തുടരണമെന്ന് ജില്ലാ ജഡ്ജി നിര്‍ദ്ദേശിച്ചു .ക്ഷേത്രത്തില്‍ ചുരിതാര്‍ ധരിച്ചുകൊണ്ട് കയറുന്നതിനുള്ള വിലക്ക് തുടരും. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസറുടെ ഉത്തരവിനെതിരെ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധവുമായി രാവിലെ രംഗത്തെത്തിയിരുന്നു. പതിറ്റാണ്ടുകളായുള്ള ആചാരങ്ങള്‍ പാലിക്കണമെന്നാണു പ്രതിഷേധക്കാരുടെ ആവശ്യം. വിഷയത്തില്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയില്‍ വിശ്വാസികള്‍ റോഡ് ഉപരോധിച്ചിരുന്നു. ആചാരപരമായ കാര്യങ്ങള്‍ മാറ്റേണ്ടതില്ലെന്ന് തിരുവനന്തപുരം ജില്ലാ ജഡ്ജി അറിയിച്ചതിനെത്തുടര്‍ന്നാണു റോഡ് ഉപരോധം അവസാനിപ്പിച്ചത്.ചുരിദാര്‍ ധരിച്ചെത്തുന്ന സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്ന് ഇന്നലെ എക്‌സിക്യൂട്ടിവ് ഓഫിസര്‍ കെ.എന്‍. സതീഷ് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇങ്ങനെ എത്തിയവരെ ക്ഷേത്രം ഭാരവാഹികള്‍ തടഞ്ഞു. എക്‌സിക്യൂട്ടിവ് ഓഫിസറുടെ ഉത്തരവു ലഭിച്ചില്ലെന്നാണു ഭാരവാഹികളുടെ വിശദീകരണം. ഉത്തരവു ലഭിച്ചിട്ടില്ലെന്നു സുരക്ഷാ ഉദ്യോഗസ്ഥരും അറിയിച്ചു.അതേസമയം, ചുരിദാര്‍ ധരിച്ചെത്തുന്നവരുടെ പ്രവേശനത്തെച്ചൊല്ലിയുള്ള പ്രതിഷേധം അനാവശ്യമെന്ന് എക്‌സിക്യൂട്ടീവ് ഓഫിസര്‍ പറഞ്ഞു. പൊലീസിന്റെ സഹായം തേടുമെന്നും പ്രതിഷേധമുള്ളവര്‍ക്കു ഹൈക്കോടതിയെ സമീപിക്കാമെന്നും സതീഷ് അറിയിച്ചു.ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ ചുരിദാറിനു മീതേ മുണ്ടുടുക്കണമെന്ന ആചാരത്തിനെതിരെ തിരുവനന്തപുരം സ്വദേശിനി അഡ്വ. റിയ രാജിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി ഇക്കാര്യം പരിശോധിക്കാന്‍ എക്‌സിക്യൂട്ടീവ് ഓഫിസറെ ചുമതലപ്പെടുത്തുകയായിരുന്നു.ഇക്കഴിഞ്ഞ ഏപ്രില്‍ 12നാണ് അഡ്വ.റിയ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസറിനു കത്തയച്ചത്. എന്നാല്‍, നടപടി ഉണ്ടായില്ല. തുടര്‍ന്ന് റിയ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സെപ്റ്റംബര്‍ 29ന് അനുകൂലമായി വിധി പറഞ്ഞു. ചുരിദാര്‍ ധരിച്ചു ക്ഷേത്രത്തില്‍ കയറുന്നതിെന വിലക്കുന്ന നടപടി ശരിയല്ല എന്നായിരുന്നു കോടതി നിരീക്ഷണം. ഒരു മാസത്തിനകം തീരുമാനം നടപ്പിലാക്കണം എന്നും കോടതി ഈ മാസം 16നു നിര്‍ദേശിച്ചു. തുടര്‍ന്നു പരാതിക്കാരിയെ നേരിട്ടു വിളിപ്പിച്ചു വാദങ്ങള്‍ കേട്ടശേഷമാണ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ തീരുമാനമെടുത്തത്.

© 2024 Live Kerala News. All Rights Reserved.