ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കേണ്ടെന്ന് ഹൈക്കോടതി; ക്ഷേത്ര തന്ത്രിയുടെ തീരുമാനമാണ് അന്തിമമെന്ന് കോടതി; എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കെതിരെ വിമര്‍ശനം

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കേണ്ടെന്ന് ഹൈക്കോടതി. സ്വകാര്യഹര്‍ജികള്‍ പരിഗണിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. ക്ഷേത്ര തന്ത്രിയുടെ തീരുമാനമാണ് ഇക്കാര്യത്തില്‍ വലുതെന്നും കോടതി പറഞ്ഞു. തോട്ടത്തില്‍ ബി രാധാകൃഷ്ണനും ദേവന്‍ രാമചന്ദ്രനും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റേതാണ് വിധി.എക്‌സിക്യൂട്ടീവ് ഓഫിസര്‍ക്ക് ഇക്കാര്യത്തില്‍ ഇടപെടാന്‍ അധികാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാം എന്ന് കഴിഞ്ഞ ആഴ്ച എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഉത്തരവ് ഇറക്കിയിരുന്നു. ഉത്തരവിനെ തുടര്‍ന്ന് ചുരിദാര്‍ ധരിച്ചെത്തിയവരെ ഹൈന്ദവ സംഘടനകളും സ്ത്രീകളടങ്ങിയ പ്രതിഷേധക്കാരുടെയും നേതൃത്വത്തില്‍ തടഞ്ഞിരുന്നു. പിന്നീട് ഉത്തരവ് മരവിപ്പിക്കാന്‍ ക്ഷേത്ര ഭരണസമിതിയും തീരുമാനിച്ചിരുന്നു.
ചുരിദാറിന് മുകളില്‍ മുണ്ട് ധരിക്കണമെന്നായിരുന്നു നേരത്തെ ക്ഷേത്രം ഭാരവാഹികള്‍ പുറപ്പെടുവിച്ചിരുന്ന ഉത്തരവ്. ഇതിനെതിരെ തിരുവനന്തപുരം സ്വദേശിയായ റിയ രാജി നല്‍കിയ ഹര്‍ജിയിലാണ് ചുരിദാര്‍ മാത്രം ധരിച്ച് എത്താമെന്ന നിലപാട് ക്ഷേത്ര ഭരണ സമിതി ഹൈക്കോടതിയില്‍ അറിയിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ എക്‌സിക്യൂട്ടീവ് ഓഫിസറെ ചുമതലപ്പെടുത്തിയിരുന്നു. എക്‌സിക്യൂട്ടീവ് ഓഫിസര്‍ കെ.എന്‍ സതീഷ് ഹിയറിങ്ങും നടത്തിയിരുന്നു. തുടര്‍ന്നാണ് ചുരിദാര്‍ ധരിക്കാമെന്ന ഉത്തരവും പിന്നാലെ വിവാദങ്ങളും ഉണ്ടായത്.

© 2024 Live Kerala News. All Rights Reserved.