പാകിസ്താനിലെ സിഖ് സമുദായത്തിന് നേരെ ആക്രമണം; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: പാകിസ്താനില്‍ സിഖ്  സമുദായാംഗങ്ങള്‍ക്ക് നേരെയുള്ള ആക്രമങ്ങളില്‍ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഇന്ത്യയിലെ പാക് ഹൈക്കമ്മീഷനിലെ മുതിര്‍ന്ന നയതന്ത്രജ്ഞനെ ഇന്ത്യ വിളിച്ചുവരുത്തി. സുരക്ഷ ഉറപ്പാക്കണമെന്നും അന്വേഷണം നടത്തി റിപ്പോര്‍ട്ട് പങ്കുവയ്ക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. പാകിസ്താനില്‍ സിഖ് സമുദായത്തിന് നേരെ നടക്കുന്ന സംഭവങ്ങളില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

2023 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ മാത്രം സിഖ് സമുദായത്തിനെതിരെ നാല് ആക്രമണ പരമ്പരയാണ് നടന്നത്. ഇതിന് പിന്നാലെയാണ് നടപടി. അജ്ഞാതരായ ആയുധധാരികള്‍ വെടിയുതിര്‍ത്തതിനെത്തുടര്‍ന്ന് ഒരു സിഖ് സമുദായാംഗം വെടിയേറ്റ് മരിച്ചതായി പാകിസ്താനിലെ പ്രമുഖ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാകിസ്താനിലെ കക്ഷാല്‍ പ്രദേശത്ത് മന്‍മോഹന്‍ സിംഗ് എന്നയാളാണ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. വൈകുന്നേരം വീട്ടിലേക്ക് പോകുകയായിരുന്ന ഇയാള്‍ക്ക് നേരേ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

പാകിസ്താനിലെ സിഖ് സമുദായത്തിനെതിരായ കൊലപാതകങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു എന്നും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതില്‍ പാകിസ്താന്‍ സര്‍ക്കാരിന്റെ പരാജയം കുറ്റവാളികളെ ശിക്ഷാരഹിതമായി പ്രവര്‍ത്തിക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും ന്യൂനപക്ഷ സമുദായങ്ങളും പ്രത്യേകിച്ച് സിഖുകാരും പാകിസ്താനില്‍ അരക്ഷിതാവസ്ഥയിലാണെന്നും ഇന്ത്യ അറിയിച്ചു. ഇതിന് എത്രയും വേഗം നടപടിയുണ്ടാകണം എന്നും ഇന്ത്യ ആവശ്യപ്പെട്ടു.

© 2024 Live Kerala News. All Rights Reserved.