ഇസ്ലാമാബാദ്: ഇത്തവണ പാകിസ്ഥാനിലെ പുതുവത്സരാഘോഷം പൂര്‍ണമായി നിരോധിച്ചെന്ന് ഇടക്കാല പ്രധാനമന്ത്രി അന്‍വാറുല്‍ ഹഖ് കക്കര്‍. ഡിസംബര്‍ 28നാണ് അദ്ദേഹം ഈക്കാര്യം അറിയിച്ചത്. യുദ്ധക്കെടുതിയിലായ പലസ്തീന്‍ ജനതക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് പുതുവത്സരാഘോഷം നിരോധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പലസ്തീന്‍ ജനതയോടുള്ള പാകിസ്ഥാന്റെ ഐക്യദാര്‍ഢ്യം വ്യക്തമാക്കുന്നതിനാണ് ആഘോഷങ്ങള്‍ നിരോധിച്ചത്. ടെലിവിഷനിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. പ്രസംഗത്തില്‍ പലസ്തീനിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി വ്യക്തമാക്കിയതായി പാക് ദിനപത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
പുതുവര്‍ഷത്തില്‍ ഏതെങ്കിലും തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് സര്‍ക്കാരിന്റെ കര്‍ശനമായ നിരോധനം ഉണ്ടായിരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗാസയിലും വെസ്റ്റ് ബാങ്കിലും നിരപരാധികളായ കുട്ടികളെ കൂട്ടക്കൊല ചെയ്യുന്നതിലും നിരായുധരായ പലസ്തീനികളെ വംശഹത്യ ചെയ്യുന്നതിലും പാകിസ്ഥാനും മുസ്ലീം ലോകവും വേദനാജനകമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നതെന്നും അന്‍വാറുല്‍ ഹഖ് കക്കര്‍ കൂട്ടിച്ചേര്‍ത്തു. അല്‍ ജസീറയുടെ കണക്കനുസരിച്ച്, ഒക്ടോബര്‍ 7 ന് ആരംഭിച്ച യുദ്ധത്തില്‍ ഇതുവരെ 8,200 കുട്ടികളും 6,200 സ്ത്രീകളും ഉള്‍പ്പെടെ കുറഞ്ഞത് 21,110 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.