പാകിസ്ഥാന്‍ പൊതുതെരഞ്ഞെടുപ്പ്; ആദ്യ ലീഡ് ഇമ്രാന്‍ ഖാന് അനുകൂലം

ഇസ്ലാമാബാദ് : പാകിസ്ഥാനിലെ പൊതുതെരഞ്ഞെടുപ്പില്‍ ആദ്യ ലീഡ് ഇമ്രാന്‍ ഖാന് അനുകൂലം. വോട്ടെണ്ണല്‍ മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിലും ആദ്യ ലീഡ് സൂചനകള്‍ ഇമ്രാന്‍ ഖാന്റെ പാക്കിസ്ഥാന്‍ തെഹ്രിക് ഇ ഇന്‍സാഫിന് അനുകൂലമാണ്. പിടിഐക്ക് വേണ്ടി മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ മിക്ക മണ്ഡലങ്ങളിലും മുന്നിലാണ്. ഔദ്യോഗിക ഫലം ഏറെ വൈകിയേക്കും. രാജ്യത്തെ ഇന്റര്‍നെറ്റ് നിരോധനം വോട്ടെണ്ണലിനെ ബാധിച്ചു. 266 സീറ്റില്‍ 154 ഇടത്തും വ്യക്തമായ ലീഡ് നേടിയെന്ന് ഇമ്രാന്‍ ഖാനും പാര്‍ട്ടിയും അവകാശപ്പെട്ടു.

‘ജനവിധി എതിരാളികള്‍ അംഗീകരിക്കണം’ എതിരാളികളും സൈന്യവും ചേര്‍ന്ന് ഫലം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന് പിടിഐ ആരോപിച്ചു. രാജ്യത്തിന്ഓറെ പലഭാഗങ്ങളിലും പിടിഐ അനുയായികള്‍ ആഹ്ലാദ പ്രകടനം തുടങ്ങി. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ വിലക്ക് ഉള്ളതിനാല്‍ സ്വതന്ത്രര്‍ ആയാണ് പിടിഐ സ്ഥാനാര്‍ഥികള്‍ മത്സരിച്ചത്. മത്സരിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട് റാവല്പിണ്ടി ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാന്‍ പോസ്റ്റല്‍ ബാലറ്റിലൂടെയാണ് വോട്ട് ചെയ്തത്. ഇമ്രാനൊപ്പം ജയിലില്‍ കഴിയുന്ന ഭാര്യ ബുഷ്റ ബീവിക്ക് വോട്ടു ചെയ്യാന്‍ കഴിഞ്ഞില്ല.

ദേശീയ അസംബ്ലിയിലെ 266 സീറ്റുകളിലേക്ക് ഇന്നലെ രാവിലെ എട്ടു മുതല്‍ ആണ് വോട്ടെടുപ്പ് തുടങ്ങിയത്. വ്യാപക അക്രമങ്ങളും 28 പേരുടെ ജീവനെടുത്ത ഭീകരാക്രമണവും ഉണ്ടായ സാഹചര്യത്തില്‍ കനത്ത സുരക്ഷയിലായിരുന്നു പോളിംഗ്. അക്രമം തടയാനെന്ന പേരില്‍ രാജ്യത്താകെ ഇന്റെനെറ്റ്, മൊബൈല്‍ സേവനങ്ങള്‍ തടഞ്ഞിരിക്കുകയാണ്. ഭീകര സംഘങ്ങള്‍ കടന്നുകയറുന്നത് ഒഴിവാക്കാന്‍ അഫ്ഘാന്‍, ഇറാന്‍ അതിര്‍ത്തികള്‍ തത്കാലത്തേക്ക് അടച്ചു. പല രാഷ്ട്രീയ പാര്‍ട്ടികളുടെയും ജനാധിപത്യ അവകാശങ്ങള്‍ തടയപ്പെടുന്നു എന്ന വാര്‍ത്തകളില്‍ യുഎന്‍ മനുഷ്യാവകാശ സമിതി ആശങ്ക രേഖപ്പെടുത്തി. വൈകീട്ട് അഞ്ചു മണിക്ക് പോളിംഗ് അവസാനിച്ച ശേഷമാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.

© 2024 Live Kerala News. All Rights Reserved.