ലാഹോര്‍: പാകിസ്താനില്‍ സൈനിക താവളത്തിന് നേരെ ചാവേറാക്രമണം. 23 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 27 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാനുമായി ബന്ധമുള്ള തീവ്രവാദി ഗ്രൂപ്പായ തെഹരിക്-ഇ -ജിഹാദ് ഏറ്റെടുത്തു. അതേസമയം ആക്രമണത്തെ കുറിച്ച് പാക്‌സൈന്യം പ്രതികരിച്ചിട്ടില്ല.
ദേര ഇസ്മായില്‍ ഖാന്‍ ജില്ലയിലെ ഖൈബര്‍ പഖ്തുണ്‍ഖ്വ പ്രവിശ്യയിലെ സൈനിക താവളത്തിന് നേരെയാണ് ബോംബാക്രമണം ഉണ്ടായത്. അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കഴിയുന്ന ജില്ലയിലാണ് ദേര ഇസ്മായില്‍ ഖാന്‍ ജില്ല. സൈനിക താവളം പ്രവര്‍ത്തിക്കുന്ന ഒരു സ്‌കൂള്‍ കെട്ടിടത്തിലേക്ക് സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനമെത്തി പൊട്ടിത്തെറിക്കുകയായിരുന്നു. താത്കാലികമായാണ് സ്‌കൂളില്‍ സൈനിക താവളം പ്രവര്‍ത്തിച്ചിരുന്നത്.
കെട്ടിടത്തിലെ മൂന്ന് മുറികള്‍ പൂര്‍ണമായും തകര്‍ന്നു. കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പരിക്കേറ്റവരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. മരിച്ചവര്‍ ആരെല്ലാമാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. 2021-ല്‍ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം പാകിസ്താന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ തീവ്രവാദ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.