ട്വിറ്ററിന് പിറകെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങി ഫേസ്ബുക്കും

സാന്‍ഫ്രാന്‍സിസ്‌കോ | സമൂഹികമാധ്യമമായ ട്വിറ്ററിന് പിന്നാലെ ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയും കൂട്ടപിരിച്ചുവിടലിനു ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഈ ആഴ്ചയില്‍ മെറ്റയില്‍ വന്‍ തോതില്‍ പിരിച്ചുവിടല്‍ നടക്കുമെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബുധനാഴ്ചയ്ക്കു മുന്‍പായി പിരിച്ചുവിടല്‍ പ്രഖ്യാപിക്കുമെന്നും എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ മെറ്റ വിസമ്മതിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ഇതിനകം സ്റ്റോക്ക് മാര്‍ക്കറ്റ് മൂല്യത്തില്‍ അര ട്രില്യണ്‍ ഡോളറിലധികം… നഷ്ടമാണ് മെറ്റ രേഖപ്പെടുത്തിയത്. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് പരസ്യ വരുമാനത്തിലെ കുറവും എതിരാളികളായ ടിക്ടോക്കില്‍ നിന്നുള്ള മത്സരം കടുത്തതുമാണ് മെറ്റക്കു തിരിച്ചടിയായത്. ഡിജിറ്റല്‍ പരസ്യ വിപണിയിലെ മാന്ദ്യം മെറ്റയെ മാത്രമല്ല, എതിരാളികളായ ഗൂഗിള്‍, ട്വിറ്റര്‍ എന്നിവയെയും ബാധിച്ചു. കമ്പനി നടത്തുന്ന നിക്ഷേപങ്ങളുടെയും നിയമനങ്ങളുടെയും വേഗം കുറയ്ക്കുകയാണെന്നു മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.