എങ്ങനെയാണ് വിവരങ്ങള്‍ ചോര്‍ത്തിയത് ? കേംബ്രിജ് അനലിറ്റിക്കയോട് കേന്ദ്രം വിശദീകരണം തേടി

ഫെയ്‌സ്ബുക്കില്‍ നിന്ന് ഉപയോക്താക്കളുടെ വിവരം ചോര്‍ത്തിയ സംഭവത്തില്‍ കേംബ്രിജ് അനലിറ്റിക്കയോട് കേന്ദ്രം വിശദീകരണം തേടി. വിവരങ്ങള്‍ ചോര്‍ത്തിയത് ഉപയോക്താക്കളുടെ സമ്മത പ്രകാരമാണോയെന്നു കേന്ദ്രം ചോദിക്കുന്നു. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയമാണ് ഇതു സംബന്ധിച്ച് കമ്പനിക്ക് നോട്ടീസ് നല്‍കിയത്.

വിശദമായ റിപ്പോര്‍ട്ട് ഈ മാസം 31 നകം നല്‍കണമെന്ന് മന്ത്രാലയം ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ കമ്പനി ചോര്‍ത്തിയോ. അവ ദുരുപയോഗം ചെയ്‌തോ എന്നും നോട്ടീസില്‍ ചോദിക്കുന്നുണ്ട്. എങ്ങനെയാണ് വിവരങ്ങള്‍ ചോര്‍ത്തിയത് , ഇതിനു കമ്പനിയെ ചുമതലപ്പെടുത്തിയത് ആരാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണമെന്നും കേന്ദ്രം ആവശ്യപ്പെടുന്നു. ഈ വിവരം പത്രക്കുറിപ്പിലൂടെയാണ് കേന്ദ്രം അറിയിച്ചത്.

ബ്രിട്ടീഷ് ഡാറ്റ അനലിസ്റ്റ് സ്ഥാപനമായ കേംബ്രിജ് അനലിറ്റികയിലെ മുന്‍ റിസര്‍ച്ച് ഡയറക്ടറായിരുന്ന ക്രിസ്റ്റഫര്‍ വെയ്‌ലി അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പു കാലത്ത് ട്രംപ് പ്രചാരകര്‍ക്കുവേണ്ടി ഫെയ്സ്ബുക്കില്‍ നിന്ന് അഞ്ച് കോടിയിലേറെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയിരുന്നു.

സ്വകാര്യത ചോര്‍ന്നെന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ ഫെയ്‌സ്ബുക്കിന്റെ ഓഹരികള്‍ ഇടിഞ്ഞിരുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഫെയ്സ്ബുക്കിന്റെ ഏറ്റവും വലിയ ഓഹരിവിലയിലെ തിരിച്ചടിയാണിത്. കമ്പനിയുടെ വിപണിമൂല്യത്തിലും 537 ബില്യണ്‍ ഡോളറില്‍ നിന്നും 494 ബില്യണ്‍ ഡോളറിലേക്കുള്ള ഇടിവുണ്ടായി. 500 കോടി ഡോളറാണ് ഈയൊരൊറ്റ സംഭവവികാസം കൊണ്ട് ഫെയ്സ്ബുക്ക് ഉടമ സക്കര്‍ബര്‍ഗിന് നഷ്ടമായിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.