കൊച്ചി: സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ആവശ്യപ്പെട്ടതിന് സരിതയെ വിമര്‍ശിച്ച് ഹൈക്കോടതി. സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെടാന്‍ എന്തവകാശമാണ് സരിതയ്ക്കുള്ളത് എന്ന് ഹൈക്കോടതി ചോദിച്ചു. കേസുമായി യാതൊരു ബന്ധവുമില്ലാത്ത ആള്‍ക്കെങ്ങനെ രഹസ്യമൊഴിയുടെ പകര്‍പ്പ് നല്‍കുമെന്നും കോടതി ചോദ്യം ഉന്നയിച്ചു. സ്വപ്നയുടെ രഹസ്യമൊഴി പകര്‍പ്പ് ആവശ്യപ്പെട്ടുള്ള സരിത നായരുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി.
അതേസമയം, നിലവിലെ അന്വേഷണ പുരോഗതി സംബന്ധിച്ച വിശദാംശങ്ങള്‍ ഇഡിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയേയും കുടുംബത്തേയും പ്രതിക്കൂട്ടിലാക്കുന്ന സ്വപ്നയുടെ രഹസ്യമൊഴി സുപ്രീം കോടതിക്ക് നല്‍കാന്‍ തയ്യാറാണെന്ന് ഇഡി അറിയിച്ചു. കോടതി അനുവദിച്ചാല്‍ മുദ്രവച്ച കവറില്‍ രഹസ്യമൊഴി സുപ്രീം കോടതിക്ക് നല്‍കാമെന്നാണ് ഇഡി രേഖാമൂലം കോടതിയെ അറിയിച്ചത്.
കേരളത്തിന് പുറത്തേയ്ക്ക് സ്വര്‍ണ്ണക്കടത്ത് കേസ് മാറ്റണമെന്ന ഹര്‍ജിയിലാണ് ഇഡി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഈ മാസം 6 നാണ് 59 പേജുള്ള ഹര്‍ജി ഇഡി ഫയല്‍ ചെയ്തത്.