5 ജി ഈ വര്‍ഷമെത്തും; ഇ-പാസ്‌പോര്‍ട്ടും ഉടന്‍

ന്യൂഡല്‍ഹി: 5 ജി ഈ വര്‍ഷം തന്നെ കൊണ്ടു വരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. 5 ജി സ്പെക്ട്രം ലേലവും ഈ വര്‍ഷം തന്നെ നടത്തും. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും ധനമന്ത്രി പറഞ്ഞു.എല്ലാ ഗ്രാമങ്ങളിലും ഒപ്റ്റിക്കൽ ഫൈബർ സ്ഥാപിക്കൽ 2025 ഓടെ പൂർത്തിയാക്കും. ആനിമേഷൻ, വിഷ്വൽ ഇഫക്‌ട്‌സ്, ഗെയിമിംഗ്, കോമിക്‌സ് എന്നിവയുടെ പ്രോത്സാഹനത്തിനായി ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും, ഇത് യുവാക്കൾക്ക് വിഷ്വൽസ്, ആനിമേഷൻ മേഖലകളിൽ തൊഴിലവസരങ്ങൾ നൽകും.ഇ- പാസ്പോര്‍ട്ട് സംവിധാനം ഉടന്‍ അവതരിപ്പിക്കും.2022-23 സാമ്പത്തികവര്‍ഷം ഇ പാസ്പോര്‍ട്ട് സംവിധാനം പൗരന്മാര്‍ക്ക് ലഭ്യമാക്കും. ചിപ്പുകള്‍ പിടിപ്പിച്ചതും പുത്തന്‍ സാങ്കേതികവിദ്യകള്‍ സംയോജിപ്പിച്ചതും ആയിരിക്കും ഇ-പാസ്‌പോര്‍ട്ട് സംവിധാനം.
വിള വിലയിരുത്തൽ, ഭൂരേഖകൾ ഡിജിറ്റൈസ് ചെയ്യൽ, കീടനാശിനികൾ, പോഷകങ്ങൾ എന്നിവ തളിക്കുന്നതിന് കിസാൻ ഡ്രോണുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.2022-23ൽ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം 44,000 കോടി രൂപ ചെലവിൽ 80 ലക്ഷം വീടുകൾ പൂർത്തിയാക്കുമെന്നും നിർമ്മല സീതാരാമൻ അറിയിച്ചു. “10 ദിവസത്തിനുള്ളിൽ റണ്ണിംഗ് ബില്ലുകളുടെ 75% സെറ്റിൽമെന്റ് നടപ്പിലാക്കും. പേയ്‌മെന്റിലെ കാലതാമസം കുറയ്ക്കുന്നതിന്, മന്ത്രാലയങ്ങൾ പേപ്പർലെസ് ഇ-ബില്ലുകൾ സ്ഥാപിക്കും,” നിർമ്മല സീതാരാമൻ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.