കേന്ദ്ര ബജറ്റ് ഇന്ന്; ധനമന്ത്രി രാഷ്ട്രപതി ഭവനില്‍;പ്രതീക്ഷയോടെ രാജ്യം

ന്യൂഡല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്രബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ബജറ്റ് അവതരണത്തിന് മുന്നോടിയായി നിര്‍മല സീതാരാമന്‍ രാഷ്ട്രപതി ഭവനിലെത്തി. രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ബജറ്റ് അവതരണം.കോവിഡ് മഹാമാരി ഏല്‍പ്പിക്കുന്ന പ്രത്യാഘാതങ്ങള്‍ക്കും അഞ്ച് സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ക്കുമിടയിലാണ് 2022-23ലെ കേന്ദ്രബജറ്റ്. അതിനാല്‍ തന്നെ കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് രാജ്യം. എല്ലാ ബാങ്ക് നിക്ഷേപത്തിനെയും ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവരുന്നത് പ്രഖ്യാപിക്കുമെന്നാണ്് പുറത്ത് വരുന്ന സൂചന. നിലവില്‍ മൊത്തം ബാങ്ക് നിക്ഷേപത്തിന്റെ 51 ശതമാനത്തിന് മാത്രമേ പരിരക്ഷയുള്ളൂ.ആദായ നികുതി പരിധി വര്‍ധിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. ആദായ നികുതി പരിധി വര്‍ധിപ്പിക്കുന്നതടക്കം മധ്യവര്‍ഗത്തെ ആകര്‍ഷിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. എല്ലാ ആദായ നികുതി സ്ലാബുകളിലെയും പരിധി അന്‍പതിനായിരം രൂപ വരെയെങ്കിലും ഉയര്‍ത്തിയേക്കും.കാര്‍ഷികരംഗത്ത് സബ്‌സിഡി അനുവദിക്കണമെങ്കിലും മുന്‍ഗണന ആരോഗ്യമേഖലക്കാണെന്ന് മാറി മാറി വരുന്ന വൈറസ് വകഭേദവും തരംഗങ്ങളുടെ സംഖ്യകളും ഓര്‍മിപ്പിക്കുന്നു. പതിവുപോലെ ക്രിപ്‌റ്റോകറന്‍സിയിലെ അവ്യക്തത ഈ ബജറ്റിലൂടെയെങ്കിലും പരിഹരിക്കപ്പെടെമോയെന്നും വ്യവസായ ലോകം ഉറ്റുനോക്കുന്നുണ്ട്. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ജിഎസ്ടി ട്രൈബ്യൂണല്‍ ഈ ബജറ്റില്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. അതേസമയം കഴിഞ്ഞ വര്‍ഷത്തെതിന് സമാനമായി കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത്തവണയും നിര്‍മല സീതാരാമന്‍ പേപ്പര്‍ രഹിത ബജറ്റാണ് അവതരിപ്പിക്കുന്നത്. കൊവിഡ് കാലത്ത് സാധാരണമായി മാറിയ വര്‍ക്ക് അറ്റ് ഹോം രീതിക്ക് അലവന്‍സുകള്‍ അനുവദിക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ മുതലുണ്ടായിരുന്നു.ബാങ്കുകളില്‍ വായ്പ തിരിച്ചടവ് പ്രതീക്ഷിച്ച പോലെ നടക്കാത്തതിനാല്‍ കൂടുതല്‍ വായ്പകള്‍ നല്‍കുന്നതില്‍ ബജറ്റില്‍ നിയന്ത്രണം കൊണ്ടുവന്നേക്കുമെന്നും കരുതുന്നുണ്ട്.കോവിഡ് സൃഷ്ടിച്ച പിന്നോട്ടടികള്‍ മറികടക്കാന്‍ പ്രധാനമായും അടിസ്ഥാന സൗകര്യ വികസനം, ഊര്‍ജിത സ്വകാര്യവത്കരണം,വിഭവ സമാഹരണം എന്നിവയ്ക്ക് ബജറ്റ് ഊന്നല്‍ നല്‍കിയേക്കും.

© 2024 Live Kerala News. All Rights Reserved.