ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായ ആറ് കുട്ടികളെയും കണ്ടെത്തി;നാലു പേരെ കണ്ടെത്തിയത് മലപ്പുറം എടക്കരയില്‍ നിന്ന്

കോഴിക്കോട് : വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ആറ് പെണ്‍കുട്ടികളെയും കണ്ടെത്തി.നാലുപേരെ കണ്ടെത്തിയത് മലപ്പുറം എടക്കരയില്‍ നിന്നാണ്. കാണാതായവരില്‍ രണ്ട് പേരെ നേരത്തെ കണ്ടെത്തിയിരുന്നു. ഒരാളെ മൈസൂരിലെ മാണ്ഡ്യയില്‍ നിന്നുമാണ് കണ്ടെത്തിയത്. മൈസൂരില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു. മറ്റൊരാളെ ഇന്നലെ ബെംഗളൂരുവില്‍ മടിവാളയില്‍ നിന്നുമാണ് കണ്ടെത്തിയത്. ഇവരില്‍ നാലു പേര്‍ 14 വയസുള്ളവരാണ്. ഒരാള്‍ക്ക് 17 വയസും മറ്റൊരാള്‍ക്ക് 16 വയസുമാണ് പ്രായം. അഞ്ച് പേര്‍ കോഴിക്കോട് സ്വദേശികളും, ഒരാള്‍ കണ്ണൂര്‍ സ്വദേശിയുമാണ്.ബുധനാഴ്ച്ച വൈകിട്ടാണ് വെളളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായത്. അടുക്കള വഴി പുറത്തേക്ക് ഏണിവച്ച് കയറി ഇവര്‍ രക്ഷപ്പെട്ടെന്നാണ് സൂചന. വിവിധ കേസുകളുടെ ഭാഗമായി താല്‍ക്കാലികമായി ഇവിടെ പാര്‍പ്പിക്കപ്പെട്ടവരാണ് എല്ലാവരും.സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ട്രെയിന്‍ മാര്‍ഗമാണ് ഇവര്‍ ബെഗളൂരുവില്‍ എത്തിയത് എന്ന് പൊലീസ് പറയുന്നു.

© 2023 Live Kerala News. All Rights Reserved.