മുംബൈയില്‍ കള്ളനോട്ടുകളുമായി വന്‍ സംഘം പിടിയില്‍;7 പേരെ അറസ്റ്റ് ചെയ്തു

മുംബൈ: കോടികളുടെ കള്ളനോട്ടുകളുമായി വന്‍ സംഘം പിടിയില്‍.കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്തിരുന്ന സംഘത്തെ മുംബൈ പൊലീസ് പിടികൂടി . ഇവര്‍ അന്തര്‍ സംസ്ഥാന തലത്തില്‍ വ്യാജ കറന്‍സികള്‍ വിതരണം ചെയ്തു വന്നിരുന്നതായി മുംബൈ പൊലീസ് പറഞ്ഞു.ഏഴ് പേരെയാണ് നിലവില്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവരുടെ പക്കല്‍ നിന്ന് ഏഴ് കോടി രൂപ മുഖവിലയുള്ള വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ പിടികൂടിയതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുംബൈയുടെ ഉള്‍പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയിലാണ് കറന്‍സികള്‍ പിടികൂടിയത്.കാറില്‍ കടത്താന്‍ ശ്രമിച്ച നോട്ടുകളും അന്വേഷണ സംഘം പിടികൂടുകയായിരുന്നു. കാറില്‍ നിന്ന് 2000 രൂപയുടെ 250 കെട്ട് കള്ള നോട്ടുകളാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. നാല് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
കാറിലുണ്ടായിരുന്ന നാല് പേരെ ചോദ്യം ചെയ്തപ്പോള്‍ ഇവരുടെ സഹായികളെ കുറിച്ച് വിവരം ലഭിച്ചതായി പൊലീസ് പറയുന്നു.ഇതേത്തുടര്‍ന്ന്, സബര്‍ബന്‍ അന്ധേരിയിലെ ഒരു ഹോട്ടലില്‍ പൊലീസ് സംഘം റെയ്ഡ് നടത്തുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. പരിശോധനയില്‍ 2000 രൂപയുടെ രണ്ട് കോടി രൂപ മുഖവിലയുള്ള 100 കെട്ട് കള്ള നോട്ടുകള്‍ പിടികൂടിയതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.പൊലീസ് നടത്തിയ അന്വേഷണത്തില്‍ അറസ്റ്റിലായ സംഘം കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്യുന്ന റാക്കറ്റ് നടത്തുന്നതായി കണ്ടെത്തിയതായി ഡി.സി.പി സംഗ്രാംസിംഗ് നിശാന്ദര്‍ പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.