കോട്ടയം: യുവാവിനെ കൊന്ന് പൊലീസ് സ്റ്റേഷന് മുന്നില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി ഷാന്‍ ബാബുവിന്റെ അമ്മ ത്രേസ്യാമ്മ. ഇന്നലെ രാത്രി മകനെ കാണാനില്ല എന്ന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് അവര്‍ ആരോപിച്ചു.
ജോമോന്‍ ആണ് തന്റെ മകനെ കൂട്ടിക്കൊണ്ട് പോയത് എന്ന് അമ്മ പറഞ്ഞു. ഷാന്‍ ബാബുവിനെ ഓട്ടോയില്‍ കയറ്റിക്കൊണ്ട് പോവുകയായിരുന്നു. ഇക്കാര്യം പൊലീസിനെ അറിയിച്ചിരുന്നുവെന്നും അമ്മ പറഞ്ഞു. രാവിലെ മകനെ കണ്ടുപിടിക്കാമെന്നാണ് പൊലീസ് പറഞ്ഞത്. എന്നിട്ട് മകന്റെ ജഡമാണ് താന്‍ കണ്ടത് എന്ന് അവര്‍പറഞ്ഞു.എന്ത് കുറ്റമാ എന്റെ കുഞ്ഞ് ചെയ്തത് അവനോട്? ഒരു ദ്രോഹവും ചെയ്തിട്ടില്ല എന്റെ പൊന്നുമോന്‍.ഒരമ്മയല്ലേ ഞാന്‍?എന്റെ മോനെ തിരിച്ചുതരുവോ? എന്ന് ചോദിച്ച് ആ അമ്മ കരഞ്ഞു പറഞ്ഞു. ഇങ്ങനെയുള്ള കുറ്റവാളികളെ ഗവണ്‍മെന്റ് എന്തിനാണ് അഴിഞ്ഞാടാന്‍ വിടുന്നത് എന്നും ഷാനിന്റെ അമ്മ ചോദിച്ചു.പൊലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ തന്റെ മകന്‍ കൊല്ലപ്പെടില്ലായിരുന്നു എന്നും അമ്മ കുറ്റപ്പെടുത്തി.അതേ സമയം കോട്ടയത്ത് തന്റെ മോധാവിത്വം ഉറപ്പിക്കുന്നതിന് വേണ്ടിയാണ് ജോമോന്‍ ജോസ് കൊലപാതകം നടത്തിയത് എന്ന് കോട്ടയം എസ്.പി ഡി. ശില്‍പ പ്രതികരിച്ചു. ഷാന്‍ ബാബുവിനെ കൊല്ലാന്‍ ജോമോന് ഉദ്ദേശ്യം ഇല്ലായിരുന്നു. മര്‍ദ്ദിക്കുകയായിരുന്നു ലക്ഷ്യം എന്നും സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് എന്നും എസ്.പി അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ മുന്ന് മണിയോടെയാണ് സംഭവം. വിമലഗിരി സ്വദേശി ഷാന്‍ ബാബുവാണ് മരിച്ചത്. കോട്ടയം സ്വദേശിയായ കെ.ടി ജോമോന്‍ ആണ് കൊല നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഗുണ്ടാ ലിസ്റ്റിലുള്ളയാളാണ് പ്രതിയായ കെ ടി ജോമോന്‍ എന്നാണ് വിവരം.