സിബിയുടെ മരണം: അന്വേഷണം മജിസ്‌ട്രേറ്റിന്റെ മേല്‍നോട്ടത്തില്‍ വേണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

 

തിരുവനന്തപുരം: മരങ്ങാട്ടുപിള്ളിയില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ പാറയ്ക്കല്‍ സിബി മരിച്ച കേസില്‍ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടല്‍. ക്രൈംബ്രാഞ്ച് അന്വേഷണം മജിസ്‌ട്രേറ്റിന്റെ മേല്‍നോട്ടത്തില്‍ വേണം. അന്വേഷണത്തില്‍ നിഷ്പക്ഷത ഉറപ്പാക്കണമെന്നു ജസ്റ്റിസ് ജെ.ബി. കോശി. രാഷ്ട്രീയ പാര്‍ട്ടികള്‍ സിബിയുടെ മൃതദേഹം വച്ചു മുതലെടുപ്പു നടത്തിയതു ശരിയായില്ല, ജെ.ബി.കോശി കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞിരുന്നു. സിബി പോലീസ് സ്‌റ്റേഷനില്‍ മരിച്ച സംഭവത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായിട്ടുണ്ടെന്നും ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു. ഒരാളെ സ്‌റ്റേഷനില്‍ കൊണ്ടുവരുമ്പോഴും അതിനുശേഷവുമുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പോലീസ് പാലിച്ചിരുന്നില്ലെന്നു പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
നടപടിക്രമങ്ങള്‍ പാലിച്ചല്ല സിബിയെ അറസ്റ്റ് ചെയ്തത്. സ്‌റ്റേഷനിലെത്തിച്ചിട്ടും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയില്ല. സിബിയുടെ ദേഹത്തുണ്ടായിരുന്ന മുറിവുകളെപ്പറ്റി പോലീസ് രേഖപ്പെടുത്തിയില്ല. അതിനാല്‍ കസ്റ്റഡിയില്‍ എടുത്തതിനുശേഷമാണോ അതിനു മുമ്പാണോ യുവാവിനു പരുക്കേറ്റതെന്നു വ്യക്തമാക്കാന്‍ പോലീസിനു സാധിച്ചിട്ടില്ല. അറസ്റ്റ് വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുകയായിരുന്നുവെങ്കില്‍ വിവാദം പോലും ഉണ്ടാകുമായിരുന്നില്ലെന്ന് കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

© 2025 Live Kerala News. All Rights Reserved.