നഗരത്തെ നടുക്കി കോട്ടയത്ത് വന്‍ തീപ്പിടിത്തം ഒരു കോടി രൂപയുടെ നഷ്ടം

കോട്ടയം: നഗരത്തെ നടുക്കി കോട്ടയത്ത് വന്‍ തീപ്പിടിത്തം. കെ.കെ.റോഡില്‍ ചന്തക്കവലയ്ക്ക് സമീപത്തെ ബാറ്റായുടെ ഷോറൂമിനാണ് ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ തീപിടിച്ചത്. രണ്ടു നിലകളിലായി പ്രവര്‍ത്തിക്കുന്ന ഷോറൂമിലെ ബാഗുകളും തുകല്‍ ചെരിപ്പുകളുമടക്കമുള്ളവ പൂര്‍ണമായി കത്തിയമര്‍ന്നു. ഒരു കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

പതിനഞ്ചോളം അഗ്‌നിശമനസേന യൂണിറ്റുകള്‍ മണിക്കൂറുകള്‍ പ്രയത്‌നിച്ചാണ് വന്‍ അഗ്‌നിബാധ ഭാഗികമായെങ്കിലും നിയന്ത്രണവിധേയമാക്കിയത്. പുലര്‍ച്ചെയോടെയാണ് തീ പൂര്‍ണമായും അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സമീപത്ത് വസ്ത്രവ്യാപാരസ്ഥാപനങ്ങളും ലോഡ്ജും ഉണ്ടായിരുന്നതിനാല്‍ തീ പടരുന്നത് വന്‍ അപകടത്തിന് കാരണമാകുമെന്നതിനാല്‍ മുന്‍കരുതലുകള്‍ ഏറെയെടുത്തായിരുന്നു തീയണയ്ക്കല്‍.

ചന്തക്കവലയില്‍ അടുത്തിടെയാണ് ബാറ്റായുടെ പുതിയ ഷോറൂം പ്രവര്‍ത്തനം തുടങ്ങിയത്. സമീപത്തെ ലോഡ്ജില്‍ കഴിയുന്ന ഇടുക്കി സ്വദേശിയാണ് അഗ്‌നിബാധ ആദ്യം കണ്ടത്. ഈ സമയം സമീപത്തുതന്നെ അഗ്‌നിശമനസേനയെത്തിയിരുന്നു. ചന്തക്കവലയ്ക്കകത്ത് ട്രാന്‍സ്‌ഫോര്‍മറിന് കീഴിലെ മാലിന്യങ്ങള്‍ക്ക് തീപിടിച്ചത് കെടുത്താനായാണ് ഇവരെത്തിയത്.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602