എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍ മാറ്റമില്ല; ഓൺലൈൻ ക്ലാസിന് പ്രത്യേക ടൈംടേബിൾ; മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷാ തിയതികളില്‍ മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എസ്എസ്എല്‍സി പാഠ്യഭാഗം ഫെബ്രുവരി ഒന്നിന് പൂര്‍ത്തിയാവും. എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഫോക്കസ് ഏരിയ നിശ്ചയിച്ചതായും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. പരീക്ഷകളുടെ നിലവാരം ഉയര്‍ത്തേണ്ടതുണ്ട്. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം തിങ്കളാഴ്ച ചേരും. ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ അടയ്ക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പ്രത്യേക ടൈം ടേബിള്‍ ഏര്‍പ്പെടുത്തും. അണ്‍ എയ്ഡഡ്, സിബിഎസ്ഇ മേഖലയ്ക്കും ഓണ്‍ലൈന്‍ ക്ലാസിലേക്ക് മാറുന്നത് ബാധകമാണ്. കുട്ടികളുടെ കാര്യത്തില്‍ റിസ്‌ക് എടുക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.ഒരു പരീക്ഷണത്തിന് സര്‍ക്കാര്‍ മുതിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂളുകള്‍ പെട്ടന്ന് അടയ്ക്കുമ്പോള്‍ ഉണ്ടാവുന്ന പരിഭ്രമം ഒഴിവാക്കാന്‍ വേണ്ടിയാണ് സ്‌കൂളുകള്‍ അടയ്ക്കുന്നത് ഒരാഴ്ച കഴിഞ്ഞാക്കിയതെന്നും മന്ത്രി പറഞ്ഞു.കൊവിഡ്, ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ വീണ്ടും അടയ്ക്കാന്‍ തീരുമാനിച്ചത്.

© 2024 Live Kerala News. All Rights Reserved.